ടോക്കിയോ (ജപ്പാന്‍): ഭാരതത്തില്‍ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപം നടത്താന്‍ ജപ്പാന്‍. വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ജപ്പാന്റെ സ്വകാര്യമേഖല ഭാരതത്തില്‍ ഈ നിക്ഷേപം
നടത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്രമോദി ഇന്നലെ രാവിലെ ടോക്കിയോയില്‍ എത്തിയത്.
നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, സാങ്കേതികവിദ്യ, ആരോഗ്യം, ജനങ്ങളുടെ പരസ്പരമുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിനായി 10 വര്‍ഷത്തെ പദ്ധതികളാണ് ഇരുരാജ്യങ്ങളും തയാറാക്കിയിരിക്കുന്നത്. പ്രതിരോധ വ്യവസായത്തിലും നവീകരണ മേഖലയിലും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭാരത – ജപ്പാന്‍ സഹകരണം നിര്‍ണായകമാണെന്നും, പങ്കാളിത്തത്തില്‍ പുതിയതും സുവര്‍ണവുമായ ഒരു അധ്യായത്തിന് ഇരുപക്ഷവും ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടോക്കിയോ യില്‍ മോദിക്ക് സ്‌നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്.












