ന്യൂദല്‍ഹി: താത്കാലിക വൈസ് ചാന്‍സലറെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നടപടി മൂലം സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ ക്വാറം തികയുന്നില്ല.
ഈ പശ്ചാത്തലത്തില്‍ ബജറ്റ് പാസാക്കാനാകുന്നില്ലെന്ന് താത്കാലിക വൈസ് ചാന്‍സലര്‍ കെ.ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു. പണം അടയ്‌ക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കും. സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിന് സര്‍ക്കാര്‍ പ്രതിനിധികളെ അയക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാന്‍സലര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ബജറ്റ് പാസാക്കാന്‍ കഴിയാത്തതിനാല്‍ സര്‍വകലാശാലയുടെ പക്കല്‍ പണമില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണെന്നും സുപ്രീംകോടതിയെ താത്കാലിക വി സിയുടെ അഭിഭാഷകര്‍ അറിയിച്ചു. സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങള്‍ക്ക് അറിയാമെന്ന് സുപ്രീം കോടതി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയില്‍ ഭരണസ്തംഭനം ഉണ്ടാകരുതെന്ന് തൊഴുകൈയോടെ വീണ്ടും അഭ്യര്‍ഥിക്കുന്നുവെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ.ബി.പര്‍ഡിവാല പറഞ്ഞു.
താത്കാലിക വൈസ് ചാന്‍സലറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കാരണം ജീവനക്കാര്‍ ബുദ്ധിമുട്ടരുതെന്നും കോടതി പറഞ്ഞു.
















