പാലക്കാട്: ലൈംഗികാരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഖുശ്ബു. ജില്ലാ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഗണേശവിഗ്രഹനിമജ്ജന മഹാശോഭായാത്ര മുനിസിപ്പല്‍ ബസ് സ്്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു.
ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ബിജെപി ജയിക്കുമെന്ന് കോണ്‍ഗ്രസിനറിയാം.
കോണ്‍ഗ്രസിന്റെ ഇരട്ടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു. വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനായി ആരോപണവിധേയനായ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണുണ്ടായത്. അതുകൊണ്ട് കാര്യമില്ലെന്നും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിച്ച അദ്ദേഹം തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും വോട്ടുചെയ്താണ് എംഎല്‍എ കസേരയിലെത്തിച്ചത്. എന്നാല്‍ വിശ്വാസവഞ്ചന നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസ്തുത സ്ഥാനം രാജിവയ്‌ക്കേണ്ടതാണ്.
രാഹുല്‍ ഗാന്ധിയോട് ചോദിക്കുകയാണ്, നിങ്ങളും രാഹുല്‍, ഇവിടെയുള്ളതും ഒരു രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഒരു പണിയും എടുക്കില്ല. ഇവിടെയുള്ള രാഹുല്‍ തെറ്റായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നു.
രണ്ട് രാഹുല്‍ മാരോടുമായി ചോദിക്കുകയാണ്. നിങ്ങള്‍ക്ക് മനഃസാക്ഷിയുണ്ടോ? ഡല്‍ഹിയിലുള്ള രാഹുല്‍ പറയുന്നത് താന്‍ ഒരു ശിവ ഭക്തനാണെന്നാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശിവനോടുള്ള ഭക്തി വരുന്നത്. അല്ലാത്ത സമയത്തൊക്കെ ബാങ്കോക്കിലുണ്ടാകും. ഇവിടെയുള്ള രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ആ രാഹുലും ഈ രാഹുലും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല. എല്ലാം അധികാരമാണ്. രാഹുല്‍ രാജിവയ്‌ക്കണം. ഒരു ഉപതെരഞ്ഞെടുപ്പ് വരണം. എന്നാല്‍ അത് അവര്‍ ചെയ്യില്ല. കാരണം, ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ബിജെപി വിജയിക്കും ഖുശ്ബൂ പറഞ്ഞു.
















