എറണാകുളം: ഊന്നുകല്‍ കൊലക്കേസ് മുഖ്യപ്രതി രാജേഷ് പിടിയിലായി.പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് പിടിയിലായത്.
എറണാകുളം മറൈന്‍ഡ്രൈവില്‍ വച്ച് കുറുപ്പംപടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളുരുവിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് പിടിയിലായത്.
ശാന്തയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതായി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയില്‍ ഉപേക്ഷിച്ചതായി ഇയാള്‍ മൊഴി നല്‍കി.
കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെ കൊലപാതകം നടന്നെന്നാണ് അന്വേഷണ സംഘം കരുതുന്നത്. രാജേഷും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായക തെളിവുകളായി.ഒളിവില്‍ പോയ രാജേഷിന്റെ കാറും ശാന്തയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
















