കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം റോഡിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും. ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
മഴ ശക്തമാകുന്ന സമയത്ത് വാഹന ഗതാഗതം അനുവദിക്കില്ല.മഴ കുറയുമ്പോള്‍ മാത്രമേ ഒറ്റവരിയായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്തും.
ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണം. നിലവില്‍ താമരശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുളളതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തും. പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്‌ക്കാനും രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
















