ന്യൂദൽഹി: ജനസംഖ്യാ നയം പരിഷ്‌കരിക്കണമെന്നും കുറഞ്ഞത് മൂന്ന് കുട്ടികൾ എന്നാക്കി പുതുക്കണമെന്നും ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ദൽഹി വിജ്ഞാൻ ഭവനിൽ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യുന്ന വസന്തമാലാ വ്യാഖ്യാന സദസ്സിന്റെ മൂന്നാം ദിവസം ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സർ സംഘചാലക്.
ജനസംഖ്യ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ”ലോകമാകെ സമ്മതിക്കുന്ന ശാസ്ത്രമാണ് ജനസംഖ്യാ നിയന്ത്രണം. മൂന്നുമക്കൾ എന്ന സംവിധാനം തുടരണമെന്നാണ് പൊതുവേ പറയപ്പെടുന്നു. പക്ഷേ നമ്മുടെ രാജ്യത്തെ ജനസംഖ്യാ നിരക്കിൽ 2.1 കുട്ടികൾ എന്നതാണ് നയം. അത് അശാസ്ത്രീയമാണ്. അതിനാൽ മൂന്ന് എന്ന നയം മാറണം. ജനസംഖ്യാനയം മാറ്റണം. മൂന്നിൽ അധികം ആകരുത്, അത് എല്ലാവരും സ്വീകരിക്കാൻ തയാറാകണം. ഇതിന് പുതിയ തലമുറ തയാറാകണം,” അദ്ദേഹം പറഞ്ഞു.
ജനസംഖ്യയിൽ മാറ്റം ഉണ്ടാകുന്നു. അതിന്റെ സന്തുലനം തെറ്റിയ രാജ്യങ്ങളിലെല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അസന്തുലിതാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. അതിലൊന്ന് മതപരിവർത്തനമാണ്. ഇത് ഭാരതീയ പരമ്പരയിൽ ഇല്ലാത്തതാണ്. ക്രിസ്ത്യൻ വിഭാഗത്തിൽ കത്തോലിക്കാ വിഭാഗം പറയുന്നു അവർ മതപരിവർത്തനത്തിന് എതിരാണെന്ന്. ഇസ്ലാമിലും മതപരിവർത്തനം നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ളവിഭാഗമുണ്ട്. മതം വ്യക്തികളുടെ തീരുമാനമാണ്. അപ്പോൾ മത പരിവർത്തനം ഇല്ലാതാക്കണം.
നമ്മുടെ എല്ലാം ഡിഎൻഎ ഒന്നാണ്. എന്നുകരുതി സംവിധാനം നിയമം പാലിക്കേണ്ടതുണ്ട്. രാജ്യാതിർത്തികൾ അതിന്റെ ഭാഗമാണ്. കുടിയേറ്റം തടയേണ്ടതുണ്ട്. സർക്കാർ ഈ മേഖലയിൽ പലതും ചെയ്യുന്നുണ്ട്. അതത് സ്ഥലത്ത് ഉള്ളവർക്ക് അവിടത്തെ ജോലി കൊടുക്കണം. ഇസ്ലാമിക സമൂഹത്തിലുള്ളവർക്ക് ജോലി കൊടുക്കണമെങ്കിൽ അതത് രാജ്യത്തെ ആളുകൾക്ക് കൊടുക്കാമല്ലോ. പകരം കടന്നുകയറുന്നവർക്കും നിയമം തെറ്റിച്ചു വന്നവർക്കും എന്തിന് കൊടുക്കുന്നു. അത്തരക്കാർക്ക് ജോലി കൊടുക്കരുത്, അദ്ദേഹം വിശദീകരിച്ചു.
ആർഎസ്എസ് സഹായം ചോദിക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും നൽകും. രാജീവ് ഗാന്ധിയുടെ കാലത്ത് നാഗപ്പുരിൽനടന്ന കോൺഗ്രസ് സമ്മേളനത്തിൽ തിക്കും തിരക്കിലും അപകടമുണ്ടായപ്പോൾ അവിടത്തെ അന്നത്തെ കോൺഗ്രസ് എംപി സംഘത്തിന്റെ സഹായം ചോദിച്ചു. അതിവേഗം അവിടെ സ്വയംസേവകർ സഹായത്തിനിറങ്ങി, കാര്യങ്ങൾ കൃത്യമായി നിർവഹിച്ചു, സർ സംഘചാലക് ഉദാഹരണം പറഞ്ഞു.
ഹിന്ദുവെന്നോ ഹിന്ദവീ എന്നോ ആര്യൻ എന്നോ എന്തുപറഞ്ഞാലും അത് ഹിന്ദുത്വംതന്നെയാണ്. എല്ലാ ഭാരതീയരും ഒന്നാണ്. മതങ്ങൾ തമ്മിലുള്ള വ്യത്യാസം ആചാരാനുഷ്ഠാനങ്ങളിൽ മാത്രമാണ്. ഒറ്റരാജ്യക്കാർ എന്നുള്ള വികാരം ഉണ്ടായാൽ മതി. നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയും പാരമ്പര്യവും ഒന്നാണെന്ന ചിന്തയുണ്ടായാൽ മതി. ഹിന്ദു എന്നതിന് മറ്റുചില അർത്ഥങ്ങൾ നൽകുന്നതാണ് സംഘർഷങ്ങൾക്ക് കാരണം. ഹിന്ദു എന്നത് മതമാണെന്ന് പ്രചരിപ്പിക്കുമ്പോഴാണ് ഇസ്ലാം എന്ന ചിന്ത വരുന്നത്. ചിലർ പ്രചരിപ്പിക്കുന്നു ഹിന്ദുക്കളുടെ കൂടെ ചേർന്നാൽ ഇസ്ലാമല്ലാതാകുമെന്ന്്. ഹിന്ദുക്കളാകട്ടെ എല്ലാവരേയും ഒന്നിച്ച് നിർത്താൻ പ്രവർത്തിക്കുന്നു. ഇവർക്കിടയിൽ ചിലർ ഉണ്ടാക്കുന്ന സംഘർഷമാണ് പ്രശ്‌നങ്ങൾക്കു കാരണം. എന്നാൽ ആരും ആകമണത്തിന്റെ മാർഗ്ഗവുമായി ഇറങ്ങരുത്. ഹിന്ദുവും മുസ്ലിമുമില്ല, രാജ്യമാണ്, രാജ്യം മാത്രമാണ്.
















