തിരുവനന്തപുരം: യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലില്‍ തന്നെ അന്വേഷണം നടത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് 26 കാരി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം.
സംഭവത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി. ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ അതും പരിശോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്
തൈറോയ്ഡ് ചികിത്സയ്‌ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മള്‍ട്ടി ഗോയിറ്റര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കി. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്‌ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്.ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിനിടയാക്കിയത് എന്നാണ് പരാതി. ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്‌സ്‌റേ എടുത്തപ്പോള്‍ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. ഗുരുതര പിഴവ് ഉണ്ടായതില്‍ നീതികിട്ടണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
















