കോഴിക്കോട്: ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതി നേരത്തെ കോടതി തള്ളിക്കളഞ്ഞ കേസാണെന്നും പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് സതീശന്‍ ഇത്ര പരിഹാസ്യനാവരുതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോലീസ് അന്വേഷിച്ച്, കോടതി വിചാരണ പൂര്‍ത്തിയാക്കി തള്ളിക്കളഞ്ഞ കേസാണ് വി.ഡി. സതീശന്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയത്. അപ്പീല്‍ പോകാന്‍ പോലും ബന്ധപ്പെട്ട കക്ഷികള്‍ തയാറാകാത്ത കേസാണ് ഒരു വല്യ ബോംബാണെന്ന് പറഞ്ഞ് സതീശന്‍ അവതരിപ്പിച്ചതെന്ന് രമേശ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ബിജെപിക്കെതിരെ ഭീഷണി മുഴക്കുക, അതിനുശേഷം പഴയ ഒരു കാര്യം കുത്തിപ്പൊക്കുക. ഇതാണ് സതീശന്‍ ചെയ്തത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്ന് ഇത്തരത്തിലുള്ള പരിഹാസ്യമായ നാടകം നടത്തുന്നത് ആ പദവിക്ക് ചേരുന്നതല്ല.
ഹൃദയവേദനയോടു കൂടിയാണ് രാഹുല്‍ മാങ്കുട്ടത്തിലിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് സതീശന്‍ പത്രക്കാരോട് പറഞ്ഞത്. ഹൃദയവേദന ആരോപണ വിധേയനായ വ്യക്തിയോടാണ്, അല്ലാതെ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടികളോട് അതില്ല. ഒന്നിനു പിറകെ ഒന്നായി പരാതികള്‍ വന്നപ്പോള്‍ പരാതിക്കാരികളോടല്ല സതീശന് മമത. എന്തിനാണ് ഇങ്ങനെ രാഹുല്‍ മാങ്കുട്ടത്തിലിനെ സംരക്ഷിക്കാന്‍ വേണ്ടി വെപ്രാളപ്പെടുന്നത് എന്ന് മനസിലാവുന്നില്ല. കോണ്‍ഗ്രസ്സിലെ മറ്റൊരു നേതാക്കന്മാര്‍ക്കും ഇല്ലാത്ത വെപ്രാളം എന്തിനാണ് പ്രതിപക്ഷ നേതാവിന്.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഒരാളെ എന്തിനാണ് പാലക്കാട്ടെ ജനങ്ങള്‍ സഹിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോഴിക്കോട് സിറ്റി ജില്ല പ്രഭാരി കെ. രഞ്ജിത്ത്, ജില്ല ജനറല്‍ സെക്രട്ടറി എം. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















