ന്യൂദൽഹി: വ്യാപാരയുദ്ധത്തിനും തയാറെന്ന് ‘എക്‌സിം’ പോളിസി (കയറ്റ്-ഇറക്കുമതിനയം) നടപടികളിലൂടെ പ്രഖ്യാപിച്ച് ഭരതം. കയറ്റുമതി-ഇറക്കുമതി നികുതിക്കാര്യത്തിൽ ഭാരതത്തിന്റെ തന്ത്രപരമായ തീരുമാനം അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായി.
ട്രംപിന്റെ എന്നല്ല, ആരുടെ മുന്നിലും രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഭിമാനവും പണയംവെക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഭാരതം.
വിവിധ രാജ്യങ്ങളിലേക്ക് ഭാരതത്തിൽനിന്നുള്ള പരുത്തിയുടെ കയറ്റുമതിച്ചുങ്കം ഈ വർഷം അവസാനംവരെ പാടേ ഉപേക്ഷിച്ചുകൊണ്ട് ഉത്തരവായി. മൂന്നുമാസത്തേക്കാണ് ഈ ഉത്തരവ്. 11 ശതമാനം ഉണ്ടായിരുന്ന നികുതിയാണ് ഉപേക്ഷിച്ചത്. ഇന്ന് കാലത്താണ് ഉത്തരവിറങ്ങിയത്.
അമേരിക്കൻ പ്രസിഡന്റ് അവിടത്തെ സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ്ണ പിന്തുണയില്ലാതെ നടപ്പാക്കിയ അധിക നികുതിചുമത്തൽ പല രാജ്യങ്ങൾക്കും ബാധകമാണെങ്കിലും ഭാരതമാണ് അതിനെ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുന്നത്. ട്രംപും അമേരിക്കയും ഭാരതത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ ആശങ്കാകുലരാണ്. അതേത്തുടർന്ന് ഭാരത പ്രധാനമന്ത്രിയുമായി സംഭാഷണത്തിന് ട്രംപ് പലവട്ടം ശ്രമിച്ചെങ്കിലും നരേന്ദ്രമോദി തയാറായിട്ടില്ല. മാത്രമല്ല, 40 രാജ്യങ്ങളുമായി വസ്ത്രവ്യാപാരത്തിന് ഭാരതം നീക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ പ്രഖ്യാപനം അനൗദ്യോഗികമായി വന്നപ്പോൾത്തന്നെ അമേരിക്കൻ അധികൃതർ, ഭാരതവുമായി നല്ല സൗഹാർദ്ദത്തിൽ പോകാൻ തയാറാണെന്നുള്ള പ്രഖ്യാപനങ്ങൾ നടത്തി. ഇതിനു പിന്നാലെയാണ് ഇന്നത്തെ പുതിയ തീരുമാനം.
ഈ വർഷം ആഗസ്ത് 19 മുതൽ സെപ്തംബർ 30 വരെ പരുത്തിക്കുള്ള ഇറക്കുമതിച്ചുങ്കം ഉപേക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ വർഷം അവസാനംവരെ പരുത്തിയുടെ കയറ്റുമതിച്ചുങ്കം ഒഴിവാക്കിയ നടപടി. വ്യാപാര യുദ്ധത്തിനും തയാർ എന്നാണ് ഈ പ്രഖ്യാപനത്തിലൂടെ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.
വായിക്കാം: https://janmabhumi.in/2025/08/27/3455570/news/india/india-defends-trump-ban-plans-to-trade-garments-with-40-countries/











