വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളീസിലെ അനൺസിയേഷൻ കാത്തലിക് സ്കൂളിലുണ്ടായ വെടിവയ്‌പ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. വെടിവയ്‌പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ച കുട്ടികൾക്ക് എട്ടും പത്തും വയസാണ് പ്രായം.
ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. കുട്ടികളുടെ ആദ്യ ആഴ്ചയിലെ പ്രാർഥന നടക്കുന്നതിനിടെ പള്ളിയുടെ പുറത്തുനിന്ന് ജനലുകളിലൂടെ അക്രമി വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ 17 പേരിൽ 14 പേരും കുട്ടികളാണ്. ഹെനപിൻ കൗണ്ടി മെഡിക്കൽ സെൻ്ററിലെ ഡോക്ടർ തോമസ് വയറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഏഴ് കുട്ടികളുടെ നില ഗുരുതരമാണ്.
We’re at the WH monitoring the situation in Minneapolis. Join all of us in praying for the victims!
— JD Vance (@JDVance) August 27, 2025
20 വയസുകാരനാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ തനിച്ചാണ് കൃത്യം നടത്തിയതെന്നും കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ, കാറിൽ നിന്ന് ഒരു സ്മോക്ക് ബോംബ് എന്നിവ കണ്ടെടുത്തു. ഇത് കുട്ടികൾക്കും വിശ്വാസികൾക്കും എതിരായ മനഃപൂർവമുള്ള അക്രമമാണെന്ന് മിനിയാപോളീസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര വിശേഷിപ്പിച്ചു.
സംഭവം നടന്ന സ്ഥലത്ത് പോലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ എത്തിയിട്ടുണ്ട്. വെടിവയ്‌പിനെക്കുറിച്ച് വിവരം ലഭിച്ചെന്നും എഫ്ബിഐ സ്ഥലത്തുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസ് ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മിനസോട്ട ഗവർണർ ടിം വാൾസും സ്ഥിതിഗതികൾ വിലയിരുത്തുന്നതായി അറിയിച്ചു. ഈ ആഴ്ചയിൽ മിനിയാപോളീസിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്‌പ്പാണിത്. ചൊവ്വാഴ്ച നടന്ന മറ്റൊരു വെടിവയ്‌പ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.











