ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന പേരില്‍ അമേരിക്ക ഇരട്ടച്ചുങ്കം ചുമത്തിയതിനെതിരേ ഭാരതം ശക്തമായ നടപടികള്‍ തുടങ്ങി.
ഇരട്ടച്ചുങ്കം ഏറ്റവുമധികം ബാധിക്കുന്നത് വസ്ത്രങ്ങളുടെ കയറ്റുമതിയെയായതിനാല്‍ ഈ മേഖലയ്‌ക്കു പ്രാധാന്യം നല്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നടപടി. ഇതിന്റെ ഭാഗമായി ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി, യുഎഇ, ഓസ്ട്രേലിയ എന്നിവയടക്കം 40 രാജ്യങ്ങളിലേക്കുള്ള വസ്ത്രക്കയറ്റുമതി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഭാരതത്തിന്റെ ഉത്പന്നങ്ങളെപ്പറ്റി നയതന്ത്രാലയങ്ങള്‍ വഴിയും ഇതര മാര്‍ഗങ്ങളിലൂടെയും ഈ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. എക്സ്പോര്‍ട്ട് കൗണ്‍സിലുകളുടെ സഹായവും ലഭ്യമാക്കും. മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങളുടെ, എന്നും വിശ്വസിക്കാവുന്ന വിതരണക്കാരനെന്ന നിലയിലാകും ഈ രാജ്യങ്ങളില്‍ ഭാരതത്തെ അവതരിപ്പിക്കുക. ഭാരതം 220 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കൂടുതല്‍ ശ്രദ്ധ 40 വിപണികളില്‍ നല്കും. ഈ രാജ്യങ്ങളെല്ലാം കൂടി 590 ബില്യന്‍ ഡോളറിന്റെ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
നാം ഇവര്‍ക്കു വേണ്ടതിന്റെ നാലു മുതല്‍ ആറു ശതമാനം വരെ തുണിത്തരങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ശക്തമായ പ്രവര്‍ത്തനത്തിലൂടെ ഇത് വലിയ തോതില്‍ കൂട്ടാനാകും. എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ വിപണി പഠിച്ച്, ഏറ്റവും ഡിമാന്‍ഡുള്ള വസ്ത്രങ്ങള്‍ ഏതെന്നു തിരിച്ചറിഞ്ഞ് സൂററ്റ്, പാനിപ്പട്ട്, തിരുപ്പൂര്‍, ബധോഹി എന്നിവിടങ്ങളിലെ വസ്ത്ര വ്യവസായങ്ങളുമായി ബന്ധപ്പെട്ട്, നിര്‍ദേശങ്ങള്‍ നല്കും. അന്താരാഷ്‌ട്ര വസ്ത്ര മേളകളിലും പ്രദര്‍ശനങ്ങളിലും വ്യാപകമായി പങ്കെടുത്ത് സാന്നിധ്യമുറപ്പാക്കും. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കും.
















