പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തിരുവിതാംകൂര്‍ കടന്നുപോയ പരിവര്‍ത്തനങ്ങള്‍ കൂടിയാണ് കേരള നവോത്ഥാനം, കേരള മാതൃക തുടങ്ങിയ പില്‍ക്കാല സങ്കല്പങ്ങള്‍ നിര്‍മിച്ചത്. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ തിരുവിതാംകൂര്‍ അഭിമുഖീകരിച്ച മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രമാധ്യമങ്ങളുടെ വ്യാപനം, ഹൈന്ദവസ്വത്വബോധത്തിന്റെ വളര്‍ച്ച, ആധുനിക വിദ്യാഭ്യാസം തുടങ്ങിയ ബഹുമുഖ ഘടകങ്ങളാണ് തിരുവിതാംകൂറിലും മാറ്റത്തിന്റെ കാറ്റുവിതച്ചത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സാമൂഹിക പരിവര്‍ത്തനത്തിലേക്കുനയിച്ച ആശയങ്ങളെ അപഗ്രഥിക്കാതെ അവയുടെ ബാക്കിപത്രമായി നിലവില്‍ വന്ന വ്യത്യാസങ്ങളെ സാമൂഹ്യപരിഷ്‌കരണമെന്ന ആഖ്യാനമുപയോഗിച് ആഘോഷിക്കുന്ന രീതിയാണ് നമ്മള്‍ തുടര്‍ന്നുപോകുന്നത്. ദേശീയതലത്തില്‍ നോക്കുമ്പോള്‍, പരിഷ്‌കരണ/പാരമ്പര്യ പ്രസ്ഥാനങ്ങളെന്ന ദ്വന്ദം 19-ാം നൂറ്റാണ്ടിലെ പ്രസ്ഥാനങ്ങളെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു രീതിയാണ്. എന്നാല്‍ തിരുവിതാംകൂറിലെ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഈ ദ്വന്ദം മാത്രമുപയോഗിച്ചു വിശകലനം ചെയ്യുന്നത് ചരിത്രപരമായ വസ്തുതകള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ, സാമൂഹിക പരിഷ്‌കര്‍ത്താക്കളെന്ന നിലയിലും ജാതി-മത ഘടനകള്‍ക്കെതിരെ കലാപമുയര്‍ത്തിയവരെന്ന രീതിയിലും മാത്രമായി വൈകുണ്ഠ സ്വാമികള്‍ മുതല്‍ മന്നത്തു പത്മനാഭന്‍ വരെയുള്ളവരെ വിലയിരുത്തുന്നതില്‍ പിശകുണ്ട്.
ഹിന്ദു സമാജ നായകന്മാരുടെ ആത്യന്തിക ലക്ഷ്യം പലകാരണങ്ങളാല്‍ അപചയവും വെല്ലുവിളിയും നേരിട്ടുകൊണ്ടിരുന്ന ഹൈന്ദവധര്‍മത്തെ പരിഷ്‌കരിച്ചു സംരക്ഷിക്കുകയെന്നതുമായിരുന്നു. അതുകൊണ്ടുതന്നെ, ഇവരൊക്കെ കേവലം സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മാത്രമായിരുന്നില്ല, പകരം വ്യക്തി-ധര്‍മ പരിവര്‍ത്തനത്തിലൂടെ ഹൈന്ദവ സമൂഹത്തെ കൂടുതല്‍ ജനകീയവും ആധുനികവുമാക്കാന്‍ പരിശ്രമിച്ചവരായിരുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. അനീതിക്കെതിരായി അവശജനത്തിനൊപ്പം പോരാടുകയും സമത്വസുന്ദരമായ ഒരു ഹൈന്ദവസമുദായത്തെ വിഭാവനം ചെയ്യുകയും ചെയ്ത മഹാത്മാ അയ്യങ്കാളിയുടെ ജീവിതം ഇതിനുദാഹരണമാണ്.
വില്ലുവണ്ടിയിലെ ചാട്ടവാര്‍ കൗരവരാകുന്ന ശത്രുക്കളാല്‍ നിറഞ്ഞ കുരുക്ഷേത്രത്തിലേക്ക് അര്‍ജുനന്റെ തേര് തെളിച്ച ഭഗവാന്‍ കൃഷ്ണനെപ്പോലെയാണ് മതപരിവര്‍ത്തനം, ഉച്ചനീചത്വം, തീണ്ടല്‍, ജാതിമാമൂലുകള്‍ തുടങ്ങിയ ശത്രുക്കള്‍ക്കെതിരെ പടവാളുമായി അയ്യങ്കാളി വില്ലുവണ്ടിസമരം നടത്തിയത്. ഒറ്റനോട്ടത്തില്‍ അയിത്തം ഇല്ലാതാക്കാനുള്ള ഒരു ലക്ഷ്യം വില്ലുവണ്ടിസമരത്തില്‍ കണ്ടെത്താമെങ്കിലും അയ്യന്‍കാളിയുടെ സമരം കേവലം അയിത്തോച്ചാടനം മാത്രം ലക്ഷ്യംവച്ചായിരുന്നില്ല. ഹിന്ദു സമാജത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളെ മുതലെടുക്കുന്ന മതപരിവര്‍ത്തന പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു ആ യാത്ര. അയ്യന്‍കാളിയുടെ കാലമായപ്പോള്‍ തിരുവിതാംകൂറിലെ പ്രേഷിതപ്രവര്‍ത്തനം ഒന്നര നൂറ്റാണ്ടു പിന്നിട്ടിരുന്നു. ഒന്നരനൂറ്റാണ്ടിലെ പ്രവര്‍ത്തനത്തിനുശേഷവും ജാതിവ്യവസ്ഥയെ ഇല്ലാതാക്കുന്നതിനോ സമത്വസമൂഹം സൃഷ്ടിക്കുന്നതിനോ മിഷനറിമാര്‍ക്കു കഴിഞ്ഞിരുന്നില്ല. മാത്രമല്ല, തിരുവിതാംകൂറിലെ ക്രൈസ്തവസമൂഹത്തിലുള്ള സവര്‍ണ്ണ-അവര്‍ണ്ണ ദ്വന്ദം മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കുശേഷവും ശക്തമായി തുടര്‍ന്നിരുന്നു. ഇത്തരം പരിതസ്ഥിതിയില്‍, മിഷനറി രേഖകളിലാകെ പ്രാകൃതരെന്നും അപരിഷ്‌കൃതരെന്നും അസ്തിത്വമില്ലാത്തവരെന്നും മുദ്രകുത്തപ്പെട്ട ഹിന്ദുക്കളുടെ നായകസ്ഥാനത്താണ് അയ്യന്‍കാളി തന്നെ അടയാളപ്പെടുത്തിയിരുന്നത്. സാമൂഹ്യനീതി ഉറപ്പുനല്‍കാന്‍ കഴിയാതിരുന്ന മതപരിവര്‍ത്തനത്തിനു പകരം ഹിന്ദുസമാജത്തിനു നഷ്ടപ്പെട്ടുപോയ സമത്വസങ്കല്പത്തെ പുനഃപ്രതിഷ്ഠിക്കുകയായിരുന്നു അയ്യന്‍കാളിയുടെ ആത്യന്തികലക്ഷ്യം.
ബ്രിട്ടീഷ് കോളനിവത്കരണത്തോടും മിഷനറി പ്രേഷിതപ്രവര്‍ത്തനങ്ങളോടുമുള്ള പ്രതികരണങ്ങള്‍ ഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദുസമാജത്തിനകത്തു തന്നെ ആത്മവിമര്‍ശനം ഉയര്‍ത്തിയ കാലഘട്ടംകൂടിയായിരുന്നു അത്. സ്വാമി ദയാനന്ദന്റെ ആര്യസമാജം, പരമഹംസ മണ്ഡലി, രാമകൃഷ്ണ മിഷന്‍, മാനവ ധര്‍മ്മ സഭ എന്നിങ്ങനെയുള്ള സംഘടനകള്‍ ഉദാഹരണങ്ങളാണ്. തിരുവിതാംകൂറിലാകട്ടെ, ആധ്യാത്മിക വിപ്ലവത്തിന് തുടക്കം കുറിച്ച ശ്രീനാരായണഗുരു, യോഗാചാര്യനായിരുന്ന തൈക്കാട് അയ്യ, ഹൈന്ദവാചാര്യനായ സദാനന്ദസ്വാമികള്‍ തുടങ്ങിയവര്‍ സമകാലീനരായിരുന്നു. ഇവരുമായി മഹാത്മാ അയ്യന്‍കാളിക്ക് അടുത്തബന്ധമുണ്ടായിരുന്നു. ബ്രഹ്‌മനിഷ്ഠാമഠംചിത് സഭ സ്ഥാപിച്ച സദാനന്ദസ്വാമികളിയുടെ ദര്‍ശനങ്ങളില്‍ അയ്യന്‍കാളി ആകൃഷ്ടനായിരുന്നു. തൈക്കാട് അയ്യ മുതല്‍ സദാനന്ദസ്വാമികള്‍ വരെയുള്ളവരാല്‍ സ്വാധീനിക്കപ്പെട്ട ഒരു യോദ്ധാവില്‍നി
ന്നുണ്ടായ ചാട്ടവാറടികളായിരുന്നു വില്ലുവണ്ടിസമരം മുതല്‍ തിരുവിതാംകൂറില്‍ കേട്ടത്. സംഘടിച്ചും പ്രതിരോധിച്ചും മുന്നേറിയ അയ്യന്‍കാളിയുടെ ഗാന്ധീവത്തിനു മുമ്പില്‍ ജാതിക്കോമരങ്ങളായ പ്രമാണിമാര്‍ക്കും മാടമ്പിമാര്‍ക്കും പരാജയപ്പെടേണ്ടിവന്നത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ വിജയമായിരുന്നു.
കലാപവും ആധ്യാത്മികതയും
കലാപത്തോടൊപ്പം ആധ്യാത്മികതയെ ചേര്‍ത്തുപിടിച്ചാണ് അയ്യന്‍കാളി മുന്നേറിയിരുന്നത്. തിരുവിതാകൂറിലെ ജാതിമേല്‍ക്കോയ്‌മയും ദുരാചാരങ്ങളും ഹൈന്ദവസമുദായത്തിന് വരുത്തിക്കൊണ്ടിരുന്ന ദുഷ്‌പേരിനെക്കുറിച്ച് ബോധമുണ്ടായിരുന്നതുകൊണ്ടാണ് ബ്രഹ്‌മനിഷ്ഠാമഠത്തിനു വെങ്ങാനൂരില്‍ അദ്ദേഹം തുടക്കം കുറിച്ചത്. വ്യക്തിത്വവികസനവും വിദ്യാഭ്യാസവും നേടിയെടുക്കാനും സ്വയം പ്രതിരോധിക്കാനും ആഹ്വാനം ചെയ്തപ്പോള്‍ സാമുദായിക പീഡനങ്ങളോട് എതിരിടാതെ ക്രിസ്തുമതത്തിലേക്ക് മതംമാറിയവരുടെ മാര്‍ഗം ശരിയല്ലെന്ന സന്ദേശമാണ് അയ്യന്‍കാളി പകര്‍ന്നുനല്കിയത്. തീര്‍ച്ചയായും പ്രാന്തവല്‍കൃതരായ ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിനു ശേഷവും ജാതിമേല്‍ക്കോയ്‌മയും അവര്‍ണ്ണ-സവര്‍ണ്ണ ദ്വന്ദവും അനുഭവിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. 1906 ല്‍ സിഎംഎസിന്റ നിയന്ത്രണത്തിലുള്ള കേംബ്രിഡ്ജ് നിക്കോള്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് ക്രൈസ്തവരായ രണ്ടു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിനെതിരെ സവര്‍ണ ക്രൈസ്തവരുയര്‍ത്തിയ കലാപങ്ങള്‍ ഇതിനുദാഹരണമായിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ അതിനകത്തുനേരിട്ടുകൊണ്ടിരുന്ന ജാതിവിവേചനത്തെ പൊയ്‌കയില്‍ കുമാരഗുരുവിനെപ്പോലെയുള്ളവര്‍ ഇക്കാലത്താണ് പ്രശ്‌നവത്കരിച്ചിരുന്നതും. ഹിന്ദുധര്‍മ്മത്തിനകത്തു നിലനിന്നുകൊണ്ട് അനാചാരങ്ങളെ ഇല്ലാതാക്കി സമാജത്തെ നവീകരിക്കണമെന്ന ധാരണയായിരുന്നു അയ്യന്‍കാളിക്കുണ്ടായിരുന്നത്.
സംഘടനയും സമാജവും
ജന്മിത്വദുഷ്പ്രഭുത്വവും ജാത്യാചാരങ്ങളും കൂടിച്ചേര്‍ന്ന വ്യവസ്ഥ സാധുജനവിഭാഗത്തിലെ ഹിന്ദുക്കളെ കൂടുതലായി മതപരിവര്‍ത്തനത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ഒരുകാലഘട്ടത്തിന്റെ പ്രതിനിധി കൂടിയായിരുന്നു മഹാത്മാ അയ്യന്‍കാളി. അരുവിപ്പുറത്തെ ധര്‍മവിപ്ലവത്തിനുശേഷവും തുടര്‍ന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയാണ് കര്‍ഷകസമരം സംഘടിപ്പിക്കുന്ന സാഹചര്യമുണ്ടായത്. ‘പാഠമില്ലെങ്കില്‍ പാടത്തേക്കില്ലെന്ന’ ആ തീരുമാനത്തിനുമുന്നിലാണ് അവശജനങ്ങള്‍ക്കായി വിദ്യാലയങ്ങള്‍ തുറക്കപ്പെട്ടത്.
തത്വത്തില്‍ എല്ലാവര്‍ക്കുമായി വിദ്യാലയങ്ങള്‍ തുറന്നുകൊടുത്തുവെങ്കിലും സ്വയം അധകൃതരെന്ന് വിശ്വസിച്ചിരുന്ന സ്വസമുദായാംഗങ്ങളെ ആത്മവിശ്വാസമുള്ളവരും സംഘടനാബോധമുള്ളവരുമാക്കേണ്ടത് ആവശ്യമായിരുന്നു. ഇതായിരുന്നു അയ്യന്‍കാളി സാധുജനപരിപാലന സംഘം രൂപീകരിച്ചതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്ന വെല്ലുവിളികളെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന അവശജനവിഭാഗങ്ങള്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സംഘടിക്കുന്നതിനെക്കുറിച്ചും അവരുടെ സമത്വസങ്കല്പത്തെക്കുറിച്ചും ഡബ്ല്യു.എസ്. ഹണ്ടെന്ന സി.എം.എസ് മിഷനറി വിശദീകരിക്കുന്നുണ്ട്. കല്ലുമാല സമരത്തിലും പഞ്ചമിയുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിലും അയ്യന്‍കാളിയുടെ സമത്വസങ്കല്പം കണ്ടെത്താവുന്നതാണ്. ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവിഭാഗം മനുഷ്യരെയും തന്റെ ഭാഗത്തണിനിരത്തിയാണ് അദ്ദേഹം കല്ലുമാലസമരത്തിലുള്‍പ്പെടെ ഇടപെട്ടിരുന്നത്. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഗോപാലദാസ്, തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് കൊല്ലം പീരങ്കിമൈതാനത്തില്‍ വച്ച് 1915 ല്‍ നടത്തിയ മഹാസഭയാണ് കല്ലുമാലകള്‍ ധരിക്കണമെന്ന തിട്ടൂരത്തെ വലിച്ചെറിഞ്ഞത്.
സാമൂഹികനീതിക്കായി പോരാടുകയും സ്വധര്‍മ്മത്തോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുകയും ചെയ്ത മഹാത്മാ അയ്യന്‍കാളിയെ നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും അത് തിരുവിതാംകൂറിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും ധാരാളം പഠനങ്ങളുണ്ട്. അയ്യന്‍കാളിയുടെ വ്യക്തിജീവിതവും ദളിത് സ്വത്വവും ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ദര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ ഹിന്ദുധര്‍മ്മത്തോടുള്ള അയ്യന്‍കാളിയുടെ താല്പര്യങ്ങളും ലക്ഷ്യങ്ങളും വിശകലനം ചെയ്യപ്പെട്ടിട്ടില്ല.
രണ്ടു പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത്. ഒന്നാമതായി, പത്തൊന്‍പത്- ഇരുപത് നൂറ്റാണ്ടുകളിലെ ഏറ്റവും ധീഷണാശാലിയായ ഹിന്ദുധര്‍മ്മസംരക്ഷകന്‍ കേവലമൊരു സാമൂഹികപരിഷ്‌കര്‍ത്താവായി മാത്രം തുടരുന്നു. രണ്ടാമതായി, വിദ്യാഭ്യാസത്തിലൂടെയും സംഘടനയിലൂടെയും അദ്ദേഹം വിമോചിപ്പിക്കാന്‍ ആഗ്രഹിച്ച ജനതയാകട്ടെ, അത്തരം ലക്ഷ്യങ്ങളില്‍നിന്നെല്ലാമകന്നുപോയിരിക്കുന്നു. 1937 ല്‍ ഗാന്ധിജിയും അയ്യന്‍കാളിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തന്റെ സമുദായത്തില്‍ നിന്ന് കൂടുതല്‍ ബിരുദധാരികളുണ്ടാകണമെന്ന ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍, സാധുജനപരിപാലനസംഘത്തിന്റെ ഒരു ഘട്ടത്തില്‍ അതിനുണ്ടായ രാഷ്‌ട്രീയ താല്പര്യങ്ങള്‍ അയ്യന്‍കാളിയുടെ ദര്‍ശനത്തെ പുതുതലമുറയില്‍നിന്നും അകറ്റിനിര്‍ത്തുന്നു. ശ്രീമൂലം പ്രജാസഭയില്‍ ഭൂപരിഷ്‌കരണത്തെക്കുറിച്ചു 1926 കളില്‍ത്തന്നെ സംവാദത്തിനു തുടക്കം കുറിച്ച അയ്യന്‍കാളിയുടെ കേരളത്തില്‍ ആയിരക്കണക്കിന് ദളിത്-വനവാസി കോളനികളാണുള്ളത്. മാത്രമല്ല, രണ്ടുനൂറ്റാണ്ടുകള്‍ക്കു ശേഷവും ‘ദളിത്ക്രൈസ്തവസ്വത്വം’ ഒരു യാഥാര്‍ത്യമായി തുടരുകയും ചെയ്യുന്നു. കേരളത്തിലെ ദളിത്-വനവാസി വിഭാഗങ്ങളുടെ കര്‍തൃത്വം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഇടതു-വലതുമുന്നണികളുടെ നിഗൂഢതാത്പര്യങ്ങള്‍ അയ്യന്‍കാളിയുടെ രാഷ്‌ട്രീയത്തെ റദ്ദുചെയ്തു . അതുകൊണ്ടുതന്നെ, മഹാത്മാ അയ്യന്‍കാളിയുടെ സ്വധര്‍മ്മത്തിനും സ്വത്വബോധത്തിനുമായുള്ള പോരാട്ടങ്ങളും സമത്വസങ്കല്പവും വീണ്ടെടുക്കുകയെന്ന ഉത്തരവാദിത്വമാണ് കാലം ആവശ്യപ്പെടുന്നത്.
(സിന്‍ഡിക്കേറ്റ് അംഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലടി)
















