വയനാട്: താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യവെയാണ് വീണ്ടും ഇതേ സ്ഥലത്ത് തന്നെ മണ്ണിടിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇവിടെ മണ്ണിടിഞ്ഞത്.വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാണ്. ചുരത്തിലൂടെ പോകാനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.
താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിട്ട് 20 മണിക്കൂറിലധികമായി.നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്.
പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂര്‍ത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
















