തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന വകുപ്പാണ് ചുമത്തിയത്.
ഡിജിപിക്ക് ലഭിച്ച വിവിധ പരാതികള്‍ പ്രകാരമാണ് കേസെടുത്തത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരാതിയുടെ രഹസ്യസ്വഭാവം പരിഗണിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്‌ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി ലഭിച്ചത്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന വിധത്തില്‍ പിന്തുടരുക, സന്ദേശം അയയ്‌ക്കുക, നിരീക്ഷിക്കുക( സ്റ്റോക്കിംഗ്) എന്നിവയ്‌ക്ക് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി.
















