ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം 29ന് ആരംഭിക്കും. 29നും 30നും ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി 31നും സപ്തംബര്‍ ഒന്നിനും ചൈനയും സന്ദര്‍ശിക്കും. യുഎസ് ഇരട്ടിത്തീരുവ ചുമത്തിയ സാഹചര്യത്തിലെ സന്ദര്‍ശനം വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും. ചൈനയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ അകന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഭാരതത്തിലെത്തിയിരുന്നു. പിന്നാലെയാണ് മോദിയുടെ ചൈന സന്ദര്‍ശനം.
15-ാമത് ഭാരത- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ മേഖലകളില്‍ പങ്കാളിത്തവും സഹകരണവും അവലോകനം ചെയ്യും. പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യും. മോദിയുടെ എട്ടാമത്തെ ജപ്പാന്‍ സന്ദര്‍ശനമാണിത്.
ഭാരത- പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനം, അഭിവൃദ്ധി, സ്ഥിരത എന്നിവയ്‌ക്കുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത സന്ദര്‍ശനം വീണ്ടുമുറപ്പിക്കും, ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ദൃഢമാക്കും. സഹകരണത്തിനുള്ള പുതിയ വഴികള്‍ തുറക്കും, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനില്‍ നിന്ന് ചൈനീസ് നഗരം ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി പോകും. ഉച്ചകോടിക്കിടെ, മോദി നിരവധി ആഗോള നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. 2017 മുതല്‍ ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷനില്‍ ഭാരതം അംഗമാണ്.
















