ബെംഗളൂരു : കർണാടക നിയമസഭയിൽ ആർഎസ്‌എസിന്റെ പ്രാർത്ഥനാ ഗാനം ആലപിച്ചതിന് കോണ്‍ഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ, മാപ്പ് പറയാൻ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അടിയുറച്ച കോൺഗ്രസുകാരൻ എന്ന നിലയിൽ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാർക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്‌ട്രീയ പാർട്ടി സുഹൃത്തുക്കൾക്കും തന്റെ നടപടി കാരണം വേദനിച്ചെന്ന് അറിയുന്നു. മാപ്പ് പറയാനും താൻ തയ്യാറാണെന്ന് ശിവകുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാന്ധി കുടുംബത്തോടുള്ള തന്റെ വിശ്വസ്തതയും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടുമുള്ള തന്റെ വിശ്വസ്തതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ശിവകുമാർ അവകാശപ്പെട്ടു. താൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്. ഗാന്ധി കുടുംബമാണ് തന്റെ ദൈവം എന്നും ഡി.കെ ശിവകുമാർ അറിയിച്ചു.
“ ഗാന്ധി കുടുംബത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഞാൻ ജന്മനാ കോൺഗ്രസുകാരനാണ്. ഞാൻ ഒരു കോൺഗ്രസുകാരനായി തന്നെ മരിക്കും” എന്നാണ് ഡികെ ശിവകുമാറിന്റെ പ്രസ്താവന.
















