കൊച്ചി: അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ‘ജലമാണ് ജീവന്‍’ ക്യാമ്പയിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ‘ജലമാണ് ജീവന്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ വാട്ടര്‍ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ്സ് വൃത്തിയാക്കലും ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം. മലിനമായ കുളങ്ങള്‍, പുഴകള്‍ എന്നിവയ്‌ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
















