ന്യൂദൽഹി: ആഗസ്ത് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്താനോ ഇല്ലാതാക്കാനോ ആവശ്യപ്പെട്ട് ബീഹാറിലെ വോട്ടർമാരിൽ നിന്ന് 1,40,931 അപേക്ഷകൾ ലഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). സംസ്ഥാനത്തെ 12 അംഗീകൃത രാഷ്‌ട്രീയ പാർട്ടികളിൽ ഒന്ന് മാത്രമേ ഇതുവരെ എതിർപ്പുകൾ സമർപ്പിച്ചിട്ടുള്ളൂ എന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
വോട്ടർമാർക്കും പാർട്ടികൾക്കും സെപ്തംബർ ഒന്നുവരെ അനുബന്ധ രേഖകൾക്കൊപ്പം അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാമെന്ന് കമ്മീഷൻ പറഞ്ഞു.
വോട്ടർമാർ സമർപ്പിച്ച 14,374 അപേക്ഷകൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) ഇതിനകം തീർപ്പാക്കിയതായി കമ്മീഷൻ അറിയിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ്) ലിബറേഷൻ ധസിപിഐ(എംഎൽ)പ ലിബറേഷൻ മാത്രമാണ് എതിർപ്പുകൾ സമർപ്പിച്ചിട്ടുള്ളതെന്നും കരട് പട്ടികയുമായി ബന്ധപ്പെട്ട് 10 പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇസി ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള അപ്പീലുകൾ നൽകിയിട്ടും, മറ്റ് രാഷ്‌ട്രീയ പാർട്ടികൾ പുനരവലോകന പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിട്ടില്ല.
ആഗസ്ത് ഒന്നുമുതൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ആരംഭിച്ചതിന് ശേഷം 18 വയസ്സ് തികഞ്ഞ 3,79,692 പുതിയ വോട്ടർമാർ ഉൾപ്പെടുത്തലിനായി അപേക്ഷിച്ചിട്ടുണ്ട്. വ്യക്തികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും അവരുടെ 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർക്കും (ബിഎൽഎ) ഏതെങ്കിലും പിശകുകൾ ചൂണ്ടിക്കാണിക്കാൻ ഒരു മാസത്തെ അവസരം നൽകിയിട്ടുണ്ടെന്ന് ഇസി അറിയിച്ചു.
















