കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസ് എംഎല്‍എക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു, അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോണം, പാര്‍ട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല തുടങ്ങിയ തരത്തില്‍ കടുത്ത അധിക്‌ഷേപങ്ങളാണ് സൈബറിടങ്ങളില്‍ ഉമാ തോമസിനെതിരെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കി. കൂടുതല്‍ ഒന്നും പറയാനില്ല. ഓരോരുത്തര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈകടത്താനില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ എത്രയും വേഗം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎല്‍എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതാണ് രാഹുലിനെ അനുകൂലിക്കുന്ന ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപ്രീതിക്കിടയാക്കിയത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ ഒരു നിമിഷം മുന്‍പ് രാജി വെച്ചാല്‍ അത്രയും നല്ലത്. ഇത് ധാര്‍മിക ഉത്തരവാദിത്തമാണ്. കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയത്. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നല്‍കിയിട്ടില്ല. അതിനര്‍ത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേ? എന്നൊക്കയായിരുന്നു ഉമ തോമസിന്‌റെ പ്രതികരണം.
















