തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി ഗ്രൂപ്പില്‍ പറഞ്ഞത് മാധ്യമങ്ങള്‍ക്ക് ചില സഹപ്രവര്‍ത്തകര്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്നേഹ.
ആരോപണങ്ങളില്‍ പ്രതികരിച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. ഒരുപാട് ഭീഷണിയുടെ പുറത്താണ് താന്‍ ഈ വരികള്‍ എഴുതുന്നതെന്നും സ്നേഹ ഫേസ്ബുക്കില്‍ പറയുന്നു. എഴുതി അപമാനിക്കും, ഇല്ലാതാക്കിക്കളയും എന്ന് പറഞ്ഞവരുടെ പേരുകള്‍ പറയാത്തത് പേടിച്ചിട്ടല്ല, മറിച്ച് ഒറ്റുക്കാരന്‍ ആവാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ആണ്.
രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ എന്റെ അഭിപ്രായം ഞാന്‍ സ്വന്തം പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. അത് ഞാന്‍ തന്നെയാണ് ചാനലിന് കൊടുത്തത് എന്ന് പറയുന്ന ചില കമന്റുകള്‍ മനസിനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.അങ്ങനെ വിശ്വസിക്കുന്ന, തെറ്റിദ്ധരിക്കുന്ന ഏറെ ബഹുമാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുവാന്‍ ആഗ്രഹിക്കുന്നു: ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല നിങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവാന്‍ തയ്യാറാണ്’. ഇവിടെ ഞാന്‍ എഴുതിയത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാവാം. പക്ഷെ എഴുതുന്ന വാക്കുകള്‍ മാന്യമായ ഭാഷയില്‍ ആയാല്‍ സ്വീകരിക്കാന്‍ മടിക്കാത്തവരല്ല സ്ത്രീകള്‍ എന്നും കുറിപ്പില്‍ പറയുന്നു.
















