കൊച്ചി: റാപ്പര്‍ വേടനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായി പൊലീസ്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടന്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. നിലവില്‍ ഈ യുവതി കേരളത്തിലല്ല ഉള്ളത്. അവര്‍ കൊച്ചിയില്‍ എത്തിയാലുടന്‍ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതെങ്കിലും അതു പൂഴ്‌ത്തിവച്ചിരിക്കയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ അവിടെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം, ലൈംഗിക ചേഷ്ടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. 2020 ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്.















