കര്‍ണാടകയിലെ ലോകപ്രസിദ്ധമായ ധര്‍മസ്ഥല ക്ഷേത്രത്തിനെതിരെ ആഴ്ചകളോളം ചില ശക്തികള്‍ ആസൂത്രിതവും സംഘടിതവുമായി നടത്തിയ കുപ്രചാരണം തകര്‍ന്നടിഞ്ഞിരിക്കുന്നു. ഈ ആത്മീയ കേന്ദ്രത്തില്‍ നൂറുകണക്കിന് കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടുണ്ടെന്നും, ഇങ്ങനെ കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മറവുചെയ്യിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി ഈ സ്ഥാപനത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചെന്നയ്യ രംഗത്ത് വന്നതാണ് തുടക്കം. ഈ പരാതിയുമായി ഇയാള്‍ കോടതിയില്‍ മൊഴിനല്‍കുകയും, തെളിവായി ഒരു തലയോട്ടി ഹാജരാക്കുകയും ചെയ്തു. ഇയാളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത കര്‍ണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പരിശോധന നടത്തിയപ്പോള്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. അറസ്റ്റിലായ ചെന്നയ്യ താന്‍ ചിലരുടെ സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും വഴങ്ങി നുണ പറയുകയായിരുന്നുവെന്ന് സമ്മതിച്ചു.
ധര്‍മസ്ഥലക്കെതിരെ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ ഒരുപാട് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നു പറഞ്ഞ ചെന്നയ്യയെ പിന്തുണച്ച് സുജാത ഭട്ട് എന്ന ഒരു സ്ത്രീ രംഗത്തു വന്നിരുന്നു. തന്റെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ അനന്യ ഭട്ടിനെ ധര്‍മസ്ഥലയിലെത്തി കാണാതായിട്ടുണ്ടെന്നായിരുന്നു സുജാത പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് ഇങ്ങനെയൊരു മകള്‍ ഇല്ലെന്നും, എംബിബിഎസ് പഠനം വെറും കള്ളക്കഥയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചിലരുടെ പ്രലോഭനത്തിനു വഴങ്ങി പണം മോഹിച്ചാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്ന് സുജാത ഭട്ടിന് സമ്മതിക്കേണ്ടിവന്നു. പരാതിയില്‍ നിന്ന് ഇവര്‍ പിന്മാറുകയും ചെയ്തു. ചെന്നയ്യ സ്ഥിരമായി നുണ പറയുന്നവനും, പണത്തിനുവേണ്ടി എന്തും ചെയ്യുന്നവനുമാണെന്നും ഇയാളുടെ മുന്‍ ഭാര്യയും പറയുകയുണ്ടായി.
തമിഴ്നാട്ടില്‍ നിന്നുള്ള ചിലരാണ് ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ തന്നെ സമീപിച്ചതെന്നും, എന്തുവന്നാലും തങ്ങള്‍ നോക്കിക്കൊള്ളാമെന്നും ഇവര്‍ ഉറപ്പു നല്‍കിയതായും ചെന്നയ്യ പോലീസിനോട് സമ്മതിച്ചിരിക്കുന്നു. ആരാണ് ചെന്നയ്യയെ സമീപിച്ചത്, ഇവര്‍ കേവലം വ്യക്തികളാണോ, ഏതെങ്കിലും സംഘടിത ശക്തി ഇവര്‍ക്ക് പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. ധര്‍മസ്ഥലക്കെതിരെ നിരവധി യൂട്യൂബ് ചാനലുകളാണ് കുപ്രചാരണം നടത്തിയത്. ഇവരെ ആരാണ് രംഗത്തിറക്കിയത്? കര്‍ണാടകയിലെ ഷിരൂരിലേക്ക് ലോറിയുമായി പോയ അര്‍ജുന്‍ എന്ന മലയാളി പുഴയില്‍ വീണ് മരിച്ചിരുന്നു. ഈ ലോറിയുടെ ഉടമ മനാഫ് എന്നയാള്‍ അന്ന് പല നാടകങ്ങളും കളിച്ചു. ധര്‍മസ്ഥലയ്‌ക്ക് എതിരായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇയാളും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ആരാണ് ഇയാള്‍ക്കു പിന്നില്‍ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്.
ഹൈന്ദവമായ ഒരു ആരാധനാലയത്തിനെതിരെ നിരുത്തരവാദപരമായ ആരോപണങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചപ്പോള്‍ അത് തടയാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. ക്ഷേത്ര നഗരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ബിജെപി മാത്രമാണ് ശക്തമായി രംഗത്തുവന്നത്. ഹിന്ദു വിരുദ്ധമായ വന്‍ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, ഇന്ന് ധര്‍മസ്ഥലയാണെങ്കില്‍ നാളെ മറ്റ് ക്ഷേത്രങ്ങള്‍ക്കെതിരെയും ഇത്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകാമെന്നും ബിജെപി മുന്നറിയിപ്പു നല്‍കി. സ്വാഭാവികമായും വിവാദത്തില്‍ ഇടതു പാര്‍ട്ടികള്‍ വല്ലാതെ ആഹ്ലാദിച്ചു. ആരോപണങ്ങള്‍ ഹിന്ദു ക്ഷേത്രത്തിന് എതിരായതാണ് ഇതിനു കാരണം.
ധര്‍മസ്ഥലക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍തോതിലുള്ള ഫണ്ടിങ് ഉണ്ടായിരുന്നുവെന്നും, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നാടകം തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും സംശയിക്കണം.
ധര്‍മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുന്നതിനു മുന്‍പു തന്നെ പല മലയാള മാധ്യമങ്ങളും വലിയ ആവേശത്തോടെ ആ കുപ്രചാരണം ഏറ്റെടുക്കുകയായിരുന്നു. ആരോപണം ഉന്നയിച്ചയാള്‍ ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടാണ് ഇയാള്‍ ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയാണെന്ന വിവരം വെളിപ്പെട്ടത്. അതുവരെ ആരോ ഒരാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ചില മലയാള മാധ്യമങ്ങള്‍ ചെയ്തത്. എന്നാല്‍ കേരളത്തിലെ ഒരു ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മറ്റും നടക്കുന്നതായി ആരോപണമുയര്‍ന്നപ്പോള്‍ ഇതേ മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ഹിന്ദു വിരുദ്ധമായ ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. അസത്യപ്രചാരണം നടത്തി ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരികയും, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ഹിന്ദു സമൂഹം ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
















