തിരുവനന്തപുരം: മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തു എന്നാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാസ്തവത്തില്‍ എസ്. ഹരീഷല്ല, കെ. ഹരീഷ് പോറ്റിയെയാണ് ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തത്. ഹരീഷിന്റെ പേരിന്റെ ഇനീഷ്യല്‍ എസ് എന്നാണ് മാതൃഭൂമി നല്കിയിരിക്കുന്നത്. ഇത് മീശ നോവല്‍ എഴുതിയ നോവലിസ്റ്റിനോടുള്ള മാതൃഭൂമിയുടെ ചായ് വാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.
തിരുവനന്തപുരം ബാലരാമപുരത്ത് പൊന്മേനി മഠത്തില്‍ കെ. ഹരീഷ് പോറ്റിയാണ് കഴിഞ്ഞ ദിവസം ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇതിന് പകരം എസ്. ഹരീഷ് പോറ്റി എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്.
മാതൃഭൂമി പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ ഹിന്ദു വിരുദ്ധ നോവല്‍
കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ എന്ന് എസ്. ഹരീഷ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹിന്ദു സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെയും ക്ഷേത്രത്തെയും എല്ലാം വളരെ നിലവാരമില്ലാത്ത രീതിയിലാണ് നോവല്‍ വിമര്‍ശിക്കുന്നത്. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്‌ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്നത് ഉള്‍പ്പെടെ ഒട്ടേറെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ കഥാപാത്രങ്ങളെക്കൊണ്ട് ഈ നോവല്‍ പറയിക്കുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമത്തേയും തുടർന്നാണ് എസ്. ഹരീഷ് നോവൽ പിൻവലിച്ചത്. പിന്നീട് ഡി.സി.ബുക്സ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.
















