തിരുവനന്തപുരം: വനിതാ എസ്‌ഐമാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്പി വി ജി വിനോദ് കുമാര്‍. വനിതാ എസ്‌ഐമാര്‍ക്ക് താന്‍ മോശം സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം വിശദീകരിക്കുന്നു.
പോഷ് ആക്ടിന്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം.വനിതാ എസ്‌ഐമാര്‍ക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാര്‍.
പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്‌ഐമാരാണ് എസ്പി വിനോദ് കുമാറിനെതിരെ പരാതി നല്‍കിയത്. എസ്പി വി.ജി.വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചെന്നാണ് പരാതി. ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം ഈ ഡിവൈഎസ്പിയെയും മാനസികമായി എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്‌ഐമാര്‍ നല്‍കിയ പരാതി. വനിതാ എസ്‌ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനോട് വിശദ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.
പത്തനംതിട്ട എസ് പി സ്ഥാനത്തുനിന്ന് നീക്കിയ ശേഷം വിനോദ് കുമാര്‍ ഇപ്പോള്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജിയാണ്. പോക്‌സോ കേസിലെ അന്വേഷണ മേല്‍നോട്ടത്തിലെ വീഴ്ച ചൂണ്ടികാട്ടി ദക്ഷിണമേഖല ഐജി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സ്ഥലം മാറ്റം. പുതിയ തസ്തികയിലിരിക്കുമ്പോഴാണ് വനിതാ എസ്‌ഐമാരുടെ പരാതി വരുന്നത്.
വനിതാ എസ് ഐമാര്‍ ഒരേ ഫോണ്ടില്‍ പരാതികള്‍ തയ്യാറാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിനോദ് കുമാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. പോഷ് ആക്ട് പ്രകാരം നിലവില്‍ നടക്കുന്ന അന്വേഷണം നിര്‍ത്തിവച്ച ശേഷം ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
















