പയ്യന്നൂര്‍ വിനീത് കുമാര്‍
ആ തെരുവവസാനിക്കുന്നത് ഒരു അമ്മന്‍ കോവിലിലാണ്. പൂക്കാട്ട് തറയുടെ കാവല്‍ദേവതയായ ശക്തിമാരിയിവിടെ വിരാജിക്കുന്നു. തെരുവിനിരുവശവും പനയോലകൊണ്ട് മേല്‍ക്കൂര പണിത ചാളകള്‍ (കുടിലുകള്‍). തപ്പട്ടത്താളം മുറുകി. കുടിലുകള്‍ക്കുമുന്നിലായി ചാണകം മെഴുകിയ നിലം. മാവിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു. കോവിലിലെ ഉത്സവനാളുകള്‍ ദേശത്തിന് എന്തുകൊണ്ടും ഉണര്‍വ്വാണ്. കാപ്പുകെട്ടിയാല്‍ പിന്നെ ഏഴാംപൂജ കഴിയുംവരെ ഉത്സവത്തിമിര്‍പ്പിലാണ് പൂക്കാട് എന്ന ഈശങ്കദേശം. ഈശങ്കര്‍ കുടിയേറ്റക്കാരാണ്. ആദിമകാലം തൊട്ടേയുള്ള ആരാധനാക്രമത്തില്‍ ഒരേസമയം കോവിലകത്ത് വച്ചുപൂജയും പുറത്ത് കാവല്‍പരിവാരങ്ങള്‍ക്കുള്ള പൂജയും മുറതെറ്റാതെ ചെയ്തുപോരുന്നവര്‍.
‘സാമീ,ഇവിടെ കുറച്ച് ഇടം വയ്‌ക്കട്ടെ ?
‘കറുപ്പനാണ്. ചോദ്യമെന്നോടാണ്. എല്ലാ കൊല്ലവും ഇതേ സ്ഥാനത്തു തന്നെയാണ് പീഠമൊരുക്കാറ്. എങ്കിലും അനുവാദം വാങ്ങുന്നത് ഇവരുടെ മര്യാദ. തിരുമനക്കളത്തില്‍ നിന്ന് ഉത്സവദിവസങ്ങളില്‍ കൊണ്ടുവരുന്ന പുന്നെല്ല് വിരിക്കാനൊരുക്കിയ പീഠമാണത് ശാക്തേയപീഠം. ഏഴുദിവസവും കെടാവിളക്കായി പ്രകാശിക്കുന്ന നെയ്‌ത്തിരിദീപത്തെ സാക്ഷിനിര്‍ത്തിയാണ് അമ്മന് നെല്ല് സമര്‍പ്പിക്കുന്നത്.
ഉത്സവത്തിന്റെ ആദ്യദിനം. വെളിച്ചം വീണുതുടങ്ങിയിട്ടേയുള്ളൂ. ജയശ്രീ സഹോദരിമാര്‍ പാടിയ ‘ജയശക്തി’ യിലെ പാട്ടുകള്‍ കോളാമ്പിയില്‍ നിന്ന് അലയടിക്കുന്നുണ്ടായിരുന്നു. കാളിമുത്തുവാണ് കോവിലിലെ സൗണ്ട് ഓപ്പറേറ്റര്‍. ഉത്സവമല്ലാത്തപ്പോഴും അയാളൊഴിച്ച് മറ്റാര്‍ക്കും റിക്കാഡ് റൂമില്‍ പ്രവേശനമില്ല. എന്നും തലേന്ന് രാത്രി പിറ്റേന്നത്തേയ്‌ക്കുള്ള പാട്ടുകള്‍ ക്രമപ്പെടുത്തിവയ്‌ക്കുന്ന ജോലി അയാളുടേതാണ്. വിനായകനേ വിനൈ തീര്‍പ്പവനേ എന്ന പാട്ടിലാണ് ഓരോദിവസവുമാരംഭിക്കുന്നത്. പൂക്കാടിന്റെ നാലതിര്‍ത്തികളിലും പാട്ടെത്തിയിരിക്കണമെന്ന് മുത്തുവിന് നിര്‍ബന്ധമാണ്. അതിനാല്‍ നാല് വശങ്ങളിലേക്കും തിരിച്ചുവച്ച നാല് കോളാമ്പികളെ ടേപ്പ് റിക്കാഡറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിക്കാഡ് റൂമിലേക്ക് മുത്തു നടന്നുവരുന്ന അന്നദാന മണ്ഡപത്തിന്റെ കിഴക്കേഭാഗത്ത് ഒരു കട്ടിലിട്ടാണ് പൂജാരിയായ ഞാന്‍ കിടക്കുന്നത്. ആദ്യത്തെ പാട്ടുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ദിവസത്തിന്റെയും പ്രത്യേകതപോലെ പല പല ദൈവത്തെയും സ്തുതിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുയരും.
ഞാനെഴുന്നേറ്റ് കുളിയും ജപവും കഴിഞ്ഞ് മണിയടിച്ച് ശ്രീകോവില്‍തുറന്ന് തിരിവച്ചു. ഇന്ന് ഒന്നാംദിനം. മന്ത്രതന്ത്രങ്ങള്‍ കൊണ്ട് ദേവിയെ ഉണര്‍ത്തിയിരുന്ന എന്റെ ദിനചര്യ ഇന്നുമുതല്‍ ഏഴുദിവസം ഈശങ്ക മാരി മാറ്റിയെഴുതുന്നു. ദേവിയുടെ യഥാര്‍ത്ഥ അവകാശികള്‍ ദേശക്കാരാണ്. അവരുടെ പരദേവതയാണിത്. ഏതോ നാട്ടില്‍നിന്ന് ജോലിതേടി വന്ന ഒരാള്‍ മാത്രമാണ് ഞാന്‍. ജോലിക്കുപോകുംമുമ്പ് ദേവിയെ ഉപാസിക്കുന്നു എന്നതിനപ്പുറം തനിക്കിവിടെയെന്തെങ്കിലും കാര്യമുണ്ടോ? ഇല്ല. എന്റെ ചിന്തയിങ്ങനെയൊക്കെ കാടുകയറുമ്പോഴേക്കും തപ്പട്ടയുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ പെണ്‍കിടാങ്ങളോരോന്നായി കോവിലിന്റെ ചുറ്റുമതിലിനുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. മഞ്ഞളിന്റെ ഗന്ധമവിടമാകെ നിറഞ്ഞു. കാല്‍ച്ചിലമ്പൊലികള്‍ മുഴങ്ങി. ഊരിലെ മൂത്ത കാരണവരാണ് വെളിച്ചപ്പാടുറയുന്നത്. ജഗദപ്പ കൗണ്ടര്‍ എന്നാണയാളുടെ പേര്. നീട്ടിവളര്‍ത്തിയ മുടി. കണ്ണെഴുതിയിരിക്കുന്നു. ഇരുകാതുകളിലും വെള്ളിത്തൂക്കുകള്‍. പെട്ടെന്നാണത് സംഭവിച്ചത്… ഒരു പെണ്‍കുട്ടി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ബഹളം വയ്‌ക്കുന്നു. കൈകള്‍ രണ്ടും കൂപ്പിക്കൊണ്ട് ആദ്യമവള്‍ നിലത്തുവീണു. പിന്നെ നോക്കുമ്പോഴുണ്ട് ഇടത്തോട്ടും വലത്തോട്ടും ഉരുളുന്നു. മുടിയഴിച്ചിട്ടിട്ടുണ്ട്. കൈയ്യിലുയര്‍ത്തിപ്പിടിച്ച വാളേന്തി വെളിച്ചപ്പാട് അവള്‍ക്കരികിലേക്ക് നടന്നു. ചുറ്റിനും കൂടിനിന്ന ഭക്തര്‍ക്കിടയില്‍ നിന്ന് ഓം ശക്തി പരാശക്തി വിളികളുയര്‍ന്നു.
‘ഇവളോ.. ഇവള്‍ക്കെന്ത് ദൈവഭയം? പടിക്കുപുറത്തേക്ക് മാറ്റിനിര്‍ത്ത്. ഉത്സവം കഴിയുംവരെ അടുപ്പിക്കരുത്.’- കാളിമുത്തുവാണ്. അയാള്‍ക്കുമാത്രമാണ് പെണ്‍കുട്ടിയെ തിരിച്ചറിയാനായത്.
അല്ലെങ്കിലും എല്ലാവരുടെയും ജാതകം അയാളുടെ കൈയ്യിലാണല്ലോ. പുലരുംമുമ്പേ കൈകാലുകള്‍ ശുചിയാക്കി കോവിലിലേക്ക് വരുന്ന മുത്തുവിന് പൂക്കാട്ടെ ഇടവഴികളില്‍ ഒരു ഇല അനങ്ങിയാലറിയാം. അവിടുത്തെ ഓരോ വീട്ടുകാരെയും പരിചയമാണയാള്‍ക്ക്. പൂജാരി നാട്ടിലേക്കുപോയാല്‍ കോവിലിലെ കല്‍ത്തറ മുതല്‍ ദേവന്മാരോരുത്തര്‍ക്കും വിളക്കുവയ്‌ക്കുന്നത് അയാളാണ്. പൂവും വെള്ളവും ചന്ദനവും അര്‍ച്ചിക്കുന്നതും അയാളാണ്.
ശക്തിമാരി കുടികൊള്ളുന്ന പൂക്കാട്ട് നിന്ന് ഏറെയകലെയല്ലാതെ മറ്റൊരു അമ്പലമുണ്ട്. പാപ്പാത്തിയമ്മന്‍ കോവില്‍. അതിന് വടക്കായി കൃഷിചെയ്യാറുള്ള ഒരു വയല്‍. വയലിന്റെ ഒത്തനടുക്കുള്ള വരമ്പില്‍ക്കയറി നിന്നാല്‍ സീതാദേവിയുടെ വീടുകാണാം. ഈശങ്കരുടെയിടയില്‍ ഒരേയൊരു നായര്‍ക്കുടി അവരുടേതാണ്. സീതാദേവിയുടെ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടി ശ്യാമിലിയാണ് ഉത്സവനടുവില്‍ അലമുറയിട്ട് ദേശക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. സീതാദേവി എന്നും അതിരാവിലെ കുളിച്ച് ഈറനോടെ വന്നുതൊഴുത് എന്റെ കൈയ്യില്‍ നിന്ന് തീര്‍ത്ഥം വാങ്ങിക്കാറുള്ളതാണല്ലോ. ഇങ്ങനെയൊരു പെണ്‍കുട്ടിയുള്ള കാര്യം ആരും പറഞ്ഞുകേട്ടിട്ടുമില്ല. പക്ഷേ,കാളിമുത്തു… അയാള്‍ക്ക് ശ്യാമിലിയെ ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായിരിക്കുന്നു. എന്തതിശയം!
‘അരുത്… അമ്പലത്തിലെത്തുന്ന ഓരോരുത്തരും അമ്മയ്‌ക്ക് മക്കളാണ്. അവരെ കൈവിടുന്ന പതിവ് ഇവിടുത്തെ ദേവിക്കില്ല.’ ഒരുള്‍വിളിപോലെ ഞാന്‍ പറഞ്ഞു.
ആളുകള്‍ എനിക്കുനേരെ നോക്കി. ചിലരുടെ മുഖത്ത് ആശങ്ക. മറ്റുചിലര്‍ ഒരുതരം നിസംഗതയോടെ മാറിനിന്നു. കുറച്ചുപേര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കൈകൂപ്പി. എല്ലാവരുടെയും ആരാധനാരീതി ഒരുപോലെയാകണമെന്നില്ല. അമ്മയാണത് തീരുമാനിക്കുന്നത്. പലദേശങ്ങള്‍ താണ്ടിയെത്തുന്ന പതിനായിരങ്ങളുടെ പ്രാര്‍ത്ഥനകളല്ല പൂക്കാട്ടെ ശക്തിമാരിയുടെ പൊരുള്‍. തീര്‍ത്തും സാധാരണമായ ഒരു ദേശത്തിന്റെ പരദേവതയാണത്. അന്നപൂര്‍ണ്ണേശ്വരിയായ ദേവിക്കുള്ള സമര്‍പ്പണമാണ് മാവിളക്കും തിരുമനക്കളത്തെ പുന്നെല്ലുമെല്ലാം. ചേര്‍ത്തുനിര്‍ത്തിയ ദേവിയെ സാക്ഷിയാക്കി ആരെയെങ്കിലും അകറ്റാനാകുമോ എന്ന് ചുറ്റുംകൂടിയവരും സംശയമെറിഞ്ഞു.
സന്ധ്യാനേരം. പെരുമഴ. കല്‍വിളക്കിലെ തിരിതാഴ്ന്നു. പുറത്ത് കിഴക്കുദര്‍ശനമായ അയ്യപ്പന്‍കോവിലിന്റെ താഴികക്കുടത്തിന്മേല്‍ രണ്ടു പിറാക്കള്‍. ചുണ്ടോടു ചുണ്ട് ചേര്‍ത്ത് അവ പ്രത്യേക ശബ്ദമുണ്ടാക്കി. പിന്നെ ചിറകടിച്ച് പറന്നുപോയി. ചുറ്റമ്പലത്തിനകത്ത് തെടപ്പള്ളിച്ചുവരില്‍ ചാരിനില്‍ക്കുകയായിരുന്ന ശരവണന്‍ ഭവ്യതയോടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. ദേവിയുടെ അരുളപ്പാടെന്ന പോലെ ഞാന്‍ കാളിമുത്തുവിന്റെ കാതില്‍ ആ സത്യം വെളിപ്പെടുത്തി.
ഈശങ്കനാടായ പൂക്കാട്ട് തറയില്‍ മംഗല്യം കഴിച്ചുകൊണ്ടുവന്ന ഒരമ്മാളുണ്ടായിരുന്നു. മധുരയില്‍ നിന്നാണ് അവരെ സിദ്ധയ്യര്‍ എന്നറിയപ്പെട്ടിരുന്ന വാദ്ധ്യാര് വിവാഹം ചെയ്തത്. സാക്ഷാല്‍ മീനാക്ഷിയുടെ തനിപ്പകര്‍പ്പ്. മൂക്കുത്തിത്തിളക്കം ആരും പെട്ടെന്ന് ശ്രദ്ധിക്കും. മാരിയമ്മയെ കുടിയിരുത്തുംമുമ്പുതന്നെ സിദ്ധയ്യര്‍ ഒരു കല്‍ത്തറയില്‍ ശിലവച്ച് അയ്യപ്പനെ പൂജിച്ചുവന്നിരുന്നത്രേ. അവിടെ സ്വയംഭൂവായി അയ്യപ്പനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ശാക്തേയമൂര്‍ത്തി ?
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്ന് ഞാന്‍ ചുറ്റിനും പരതി.
ഇല്ല… അന്തരീക്ഷം ശാന്തമായി. ആദ്യദിനം ആളൊഴിഞ്ഞു. അന്ന് രാത്രി പൂക്കാട്ടെ വന്‍മരങ്ങളില്‍ നിന്ന് അട്ടഹാസങ്ങളുയര്‍ന്നു. അമ്പലപ്പറമ്പില്‍ കരിയിലകള്‍ കുന്നുകൂടി.
ഉത്സവം തൊട്ടടുത്തദിവസത്തിലേക്ക് മിഴിതുറന്നത് അഗ്നിയില്‍ സ്ഫുടംചെയ്‌തെടുത്തതുപോലെ ഒരു ദേവീവിഗ്രഹവുമെഴുന്നള്ളിച്ച് വെളിച്ചപ്പാട് കോവില്‍ വലംവച്ചതോടെയാണ്. ശ്രീകോവിലിന്റെ പാതിചാരിവച്ച വാതിലുകള്‍ ഞാന്‍ തുറന്നു. വേപ്പിലക്കാടുകളിളകി. പൂക്കാട് ദേശമാകെ അപ്പോള്‍ കോവിലില്‍ നിന്നുള്ള ശരണംവിളികള്‍ മുഴങ്ങിക്കേട്ടു. കല്‍വിളക്കുകളില്‍ ആയിരംദീപങ്ങള്‍ തെളിഞ്ഞു. തറ്റുടുത്ത് മേലാകെ വിഭൂതിവരഞ്ഞ് നാലുദിക്കില്‍നിന്നും ദൈവഹിതം കേട്ട് ഞാന്‍ ശ്രീലകത്തേയ്‌ക്ക് വലംകാല്‍വച്ച് പ്രവേശിച്ചു.
മൂക്കുത്തിത്തിളക്കത്തില്‍ ചെമപ്പുപട്ടുചേല ഞൊറിഞ്ഞുടുത്ത് സര്‍വ്വാഭരണവിഭൂഷിതയായ ഈശങ്ക മാരി എന്നോട് ഇപ്രകാരം കല്പിച്ചു:
‘ഞാന്‍ കാവല്‍ദേവത.. ഈശങ്കനാടു കാക്കും പരംപൊരുള്‍. ഇവിടെയെവിടെയെല്ലാം അസമത്വങ്ങളുണ്ടോ അവിടെയെല്ലാം പെയ്തീടട്ടെ തോരാത്ത സങ്കടങ്ങള്‍… ‘
മാരിക്കുടത്തില്‍ തെക്കുംഭാഗം ചീര്‍മ്പക്കാവില്‍ നിന്ന് കരുതിവച്ച കലശജലം കൈവെള്ളയിലെടുത്ത് കാളിമുത്തു ഭക്തജനങ്ങള്‍ക്കുനേരെ കുടഞ്ഞു. ദേവിയുടെ കണ്‍മുന്നില്‍ത്തെളിഞ്ഞ അസമത്വത്തിന്റെ നിമിഷങ്ങളേതെന്ന അര്‍ത്ഥത്തില്‍ ഞാന്‍ വെളിച്ചപ്പാടിനെ നോക്കി. അയാളുടെ കൈയ്യില്‍ക്കിടന്ന വാള്‍ അവിടെയുണ്ടായിരുന്നില്ല. പകരമൊരു കണ്ണാടി. അതില്‍ തന്റെ രൂപം.
#
















