തൃശൂർ ; കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ തൃശൂരിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണെന്ന് ഡിസിസി യോഗത്തിൽ രൂക്ഷ വിമർശനം. ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാൻ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും പല നേതാക്കന്മാരും വിമർശനമുന്നയിച്ചു.
തൃശൂരിലെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയർന്നു. ഇന്നലെ ഡിസിസിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമർശനം. നേരത്തെയും പല നേതാക്കളും സന്ദീപിനെതിരെ രംഗത്തെത്തിയിരുന്നു. സ്ഥാനമാനങ്ങൾ മോഹിച്ച് പാർട്ടിയിൽ കയറിക്കൂടിയതാണ് സന്ദീപ് എന്നായിരുന്നു വിമർശനം.
















