തൃശ്ശൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷ് എഴുതിയ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവലില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാത്തതെന്ന് വിവരാവകാശരേഖയ്‌ക്കുള്ള മറുപടിയില്‍ ജയില്‍ വകുപ്പ് പറയുന്നു. ജയിലിനകത്തെ ചില കാര്യങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജയില്‍ മേധാവി നിര്‍ദേശിച്ചു. അതിനാല്‍ വിദഗ്ധ എഴുത്തുകാരനെ കൊണ്ട് വായിപ്പിച്ച ശേഷം പ്രസിദ്ധീകരിക്കുന്ന കാര്യം തീരുമാനിക്കാം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിന്നെ കൊന്ന തോക്കുകള്‍ ഇപ്പോഴും അധികാരികളെ സംരക്ഷിക്കുന്നു എന്നതരത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള വാചകങ്ങള്‍, ബ്ലേഡ് മാഫിയ പാര്‍ട്ടിയുടെ പേരില്‍ ജയിലിലെ പല സൗകര്യങ്ങളും നേടിയെടുക്കുന്നു, പാര്‍ട്ടി തടവുകാര്‍ ജയിലില്‍ വരുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരെ പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നു, മയക്കുമരുന്ന് വിതരണം സംബന്ധിച്ച അന്വേഷണം മന്ത്രിയുടെ മകനില്‍ എത്തിയപ്പോള്‍ രണ്ടുപേരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് അവസാനിപ്പിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ നോവലില്‍ ഉള്ളതായി ആഭ്യന്തരവകുപ്പ് പറയുന്നു.
അതേസമയം പുസ്തകം പുറത്തുവരുന്നതില്‍ പ്രശ്‌നമില്ലെന്ന് കേരള സാഹിത്യഅക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞു. ജയില്‍ വകുപ്പ് മേധാവിയുടെ കണ്ടെത്തലിനെ അദ്‌ദേഹം വിമര്‍ശിച്ചു.
















