കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറമ്പോക്കിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‌റെ ഭാഗമായി മൂന്നാര്‍ ടൗണില്‍ പെരിയവരപ്പാലം മുതല്‍ ചര്‍ച്ചില്‍പാലം വരെയുള്ള ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 29 വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. നടപടിക്കു മുന്നോടിയായി ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പെരിയവരപ്പാലം റോഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ദേവികുളം സബ് കളക്ടറാണ് നോട്ടീസ് നല്‍കിയത്. കെട്ടിടവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവയുമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ ഉള്ള ദിവസങ്ങളില്‍ സ്ഥാപന ഉടമകള്‍ നേരിട്ട് ഹാജരാക്കണം. മൂന്നാര്‍ ടൗണിലെ പുറമ്പോക്ക് കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയുടെ 2024 ഏപ്രില്‍ 12ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
















