പാലക്കാട്: പരാതി പറഞ്ഞ സ്ത്രീകൾ അർദ്ധ നഗ്നയായി മന്ത്രിമാർക്കൊപ്പം നിൽക്കുന്നുവെന്ന പറഞ്ഞ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി.കെ ശ്രീകണ്ഠൻ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശം തെറ്റായി തോന്നിയെങ്കിൽ പിൻവലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി പറഞ്ഞ സ്ത്രീകൾ അർദ്ധ നഗ്നയായി മന്ത്രിമാർക്കൊപ്പം നിൽക്കുന്നെന്ന ശ്രീകണ്ഠന്റെ പരാമർശമാണ് വിവാദമായത്. ‘പരാതിക്കാരിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഇതിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് നോക്കണം. മന്ത്രിമാരുടെ കൂടെ അവർ നിൽക്കുന്ന ഫോട്ടോകൾ കണ്ടില്ലേ. അതുപോലെതന്നെ അവരുടെ മറ്റുപല ഫോട്ടോകളും പ്രസിദ്ധീകരിച്ചത് നിങ്ങളല്ലേ എന്നാണ് ഞാൻ ചോദിച്ചതെന്നും ശ്രീകണ്ഠൻ പറഞ്ഞു.
മന്ത്രിമാരുടെയൊപ്പം അവർ നിൽക്കുന്ന ഫോട്ടോ കണ്ടില്ലേയെന്ന് നിങ്ങളോടാണ് ചോദിച്ചത്. നിങ്ങളല്ലോ കൊടുത്തത്, അപ്പോൾ നിങ്ങൾക്കറിയില്ലേ ഏതൊക്കെ മന്ത്രിമാരാണെന്ന്. സോഷ്യൽ മീഡിയയിൽ അവരുടെ ഫോട്ടോ വരുന്നില്ലേ. ഗൂഢാലോചയുണ്ടോയെന്ന് നോക്കണ്ടേ. ഒരിക്കലും പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ല.
ഒരിക്കലും സ്ത്രീയേയോ പുരുഷനെയോ അപമാനിക്കുന്നത് എന്റെ രീതിയല്ല. ഈ ആക്ഷേപം ഗൗരവമായി എടുക്കുന്നെന്നാണ് പറഞ്ഞത്. അവർ പറഞ്ഞ ആരോപണം പുകമറയാണ്. രേഖാമൂലം പരാതിയില്ലാതെ തന്നെ കോൺഗ്രസ് പാർട്ടി നടപടിയെടുക്കുന്നെന്നാണ് പറഞ്ഞത്. നിയമവിരുദ്ധമായി ചെയ്താൽ ഒരിക്കലും ന്യായീകരിക്കില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
ഇത്രയും ഗുരുതരമായ വിഷയങ്ങളുണ്ടായെന്ന് പറഞ്ഞാൽ കോൺഗ്രസ് പാർട്ടി കർശനമായ നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ പുകമറ കേട്ടിട്ട് ചാടി ഓടി നടപടിയെടുക്കാനാകില്ല. ഈയൊരു ആരോപണം വന്നപ്പോൾത്തന്നെ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എം എൽ എ സ്ഥാനം രാജിവയ്‌ക്കാനാകുമോയെന്നും ശ്രീകണ്ഠൻ ചോദിക്കുന്നു.















