തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന്‍ നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നാണ് പോലീസ് വിലയിരുത്തുന്നത്.
രാഹുലിനെതിരേ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി. അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരേ യുവതി പരാതി നല്‍കിയിട്ടില്ല.
















