തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയോടെ ഒരിടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കലാപം രൂക്ഷമായി. രാജിക്കു പിന്നില്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡന ആരോപണം ആണെങ്കിലും വിഷയങ്ങള്‍ ആഘോഷമാക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരുവിഭാഗമാണ്. ഇരകള്‍ നല്‍കിയ പരാതികളും തെളിവുകളായ ശബ്ദരേഖയും പുറത്തായത് ഈ ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായാണ്.
ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രാഹുലിനെ രക്ഷിച്ചു നിര്‍ത്തുകയായിരുന്നു.
മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവനടി, അതിനും വളരെ മുന്‍പേ കോണ്‍ഗ്രസ് നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് നേരിട്ട് ഇടപെട്ടാണ് രാഹുലിന് രക്ഷകനായത്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടായതിനു പിന്നില്‍ സതീശനെതിരെയുള്ള പടയൊരുക്കമാണെന്നാണ് അടക്കം പറച്ചില്‍. കെ.സി. വേണുഗോപാലും വി.ഡി. സതീശനും അതികായന്മാരായതോടെ മനോവിഷമത്തിലായ മറ്റു നേതാക്കള്‍ ഇപ്പോള്‍ ഒറ്റഗ്രൂപ്പായ അവസ്ഥയാണ്.
ഇവരില്‍ പഴയ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയ പ്രധാനികള്‍ക്കൊപ്പം രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ഉള്‍പ്പെടുന്നു. കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ തുടങ്ങി പല വിഷയങ്ങളില്‍ അതൃപ്തരായി മാറിനിന്നവരും വേണുഗോപാലിനും സതീശനും എതിരായ പടയൊരുക്കത്തില്‍ ഏകമനസ്സാണ്. എ ഗ്രൂപ്പിന്റെ യുവനേതാക്കളായ ചാണ്ടി ഉമ്മനും പി.സി. വിഷണുനാഥും ഇവര്‍ക്കൊപ്പമുണ്ട്. ഷാഫി പറമ്പില്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ടി. സിദ്ധിഖും ചാണ്ടി ഉമ്മനും ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ എന്ന പേരില്‍ സംസ്ഥാനമൊട്ടുക്കും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സമാന്തര സംവിധാനം
ശക്തമാക്കി വരികയാണ്. പഴയ ഐ-ഐയില്‍ നിന്നു മാറി നിലവില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്‌ട്രീയം പുതിയ പരിണാമത്തിലേക്കു പോവുകയാണ്.
















