തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും കുടിയേറ്റ തൊഴിലാളികളെയും കടത്തുന്നത് വെറുമൊരു നിയമ പ്രശ്‌നം മാത്രമല്ല ഒരു സാമ്പത്തിക, സാമൂഹിക പ്രശ്‌നം കൂടിയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.
കേരള പോലീസും അസോസിയേഷന്‍ ഫോര്‍ വോളന്ററി ആക്ഷന്‍ (എവിഎ)യും ചേര്‍ന്ന് സംഘടിപ്പിച്ച ഭാരതത്തിലെ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള സംസ്ഥാനതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത് തടയാന്‍ ജനങ്ങളെ ബേധവല്‍ക്കരിക്കേണ്ടത് പ്രധാനമാണ്. സ്‌കൂളുകളിലും പഞ്ചായത്ത് തലത്തിലും ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കിടയിലും ഇത്തരം ബോധവത്കരണങ്ങള്‍ തുടര്‍ച്ചയായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് നോഡല്‍ ഓഫീസര്‍ ഡിഐജി എസ്. അജിതാ ബീഗം അധ്യക്ഷയായി. എഡിജിപി എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി എസ്. ഷംനാദ്, എവിഎ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നംപള്ളി, എസ്എപി കമാന്‍ഡന്റ് യോഗേഷ് മന്ദൈയ, പോലീസ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എസ്. അജയ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ മുന്‍ ഡെ. ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷന്‍ അഡ്വ. പി. പ്രേംനാഥ്, ഡോ.വില്‍സണ്‍. മുന്‍ എസ്പി സുനിഷ്‌കുമാര്‍. ആര്‍. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന്‍, റെയില്‍വേയ്‌സ് എസ്പി കെ.എസ് ഷഹന്‍ഷാ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു
















