കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ- ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സില്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസന്‍സുള്ള ചില വ്യാപാരികളും ഉള്‍പ്പെടെ അനധികൃത ലേലങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്പൈസസ് ബോര്‍ഡ് അറിയിച്ചു. സിഎല്‍എം (കാര്‍ഡമം ലൈസന്‍സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) നിയമങ്ങള്‍ പ്രകാരം, സ്പൈസസ് ബോര്‍ഡിന്റെ ലൈസന്‍സുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ലേലക്കാരായോ ഡീലര്‍മാരായോ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ലൈസന്‍സുള്ള ലേലക്കാരന് ബോര്‍ഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താന്‍ അധികാരമുള്ളൂ.
അനധികൃത ലേലങ്ങള്‍ അംഗീകൃത ലേലക്കാര്‍ക്കും ഏലം ഉത്പാദകര്‍ക്കും സാമ്പത്തിക നഷ്ടവും വ്യാപാരത്തിലെ സുതാര്യതയ്‌ക്ക് പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോര്‍ഡ് ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള വ്യാപാരികള്‍, രജിസ്റ്റര്‍ ചെയ്ത എസ്റ്റേറ്റ് ഉടമകള്‍, കര്‍ഷകര്‍, ലൈസന്‍സുള്ള ലേലക്കാര്‍ എന്നിവരില്‍ നിന്ന് മാത്രമേ ഏലം വാങ്ങാവൂവെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. വിവരങ്ങള്‍ സ്പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍(ംംം.ശിറശമിുെശരല.െരീാ) ലഭ്യമാണ്.
















