ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്‌എസ് പ്രവർത്തകരുടെയും ആക്ഷേപകരമായ കാർട്ടൂണുകൾ പങ്കുവെച്ച സംഭവത്തിൽ താൻ മാപ്പ് പറയാമെന്ന് കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യ . ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ക്ഷമാപണം നടത്തുമെന്ന് മാളവ്യ സുപ്രീം കോടതിയെ അറിയിച്ചു.
പത്ത് ദിവസത്തിനുള്ളിൽ മാളവ്യയോട് ക്ഷമാപണം പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു.2021 ൽ, രണ്ടാമത്തെ മാരകമായ കോവിഡ്-19 തരംഗത്തിനിടയിലാണ് ആർഎസ്‌എസിനെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവഹേളിക്കുന്ന കാർട്ടൂൺ ഹേമന്ത് മാളവ്യ പോസ്റ്റ് ചെയ്തത് . ഭഗവാൻ മഹാദേവനെ പരിഹസിക്കുന്ന ഭാഗങ്ങളും കാർട്ടൂണിൽ ഉണ്ടായിരുന്നു.
തുടർന്ന് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനും ആർഎസ്‌എസ് പ്രവർത്തകനുമായ വിനയ് ജോഷി സമർപ്പിച്ച പരാതിയിൽ ഇൻഡോർ പോലീസ് മാളവ്യയ്‌ക്കെതിരെ കേസെടുത്തു.മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം നൽകാൻ വിസമ്മതിച്ചു, തുടർന്ന് മാളവ്യ സുപ്രീം കോടതിയെ സമീപിച്ചു. ജൂലൈയിൽ, ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ സമ്മതിച്ചു, എന്നാൽ സോഷ്യൽ മീഡിയയിൽ അപമാനകരമായ പോസ്റ്റുകൾ പങ്കിടുന്നത് തുടർന്നാൽ നടപടിയെടുക്കുമെന്ന് മാളവ്യയ്‌ക്ക് മുന്നറിയിപ്പ് നൽകി.
















