ചെന്നൈ : രജനികാന്ത് നായകനായ ചിത്രം ‘കൂലി’ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആവശ്യമായ വെട്ടിക്കുറവുകള്‍ വരുത്താന്‍ സണ്‍ ടിവി നെറ്റ്വര്‍ക്ക് വിസമ്മതിച്ചതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴില്‍ സമീപകാലത്തിറങ്ങിയ ചിത്രങ്ങളെവെച്ച് നോക്കുമ്പോള്‍ കൂലിയില്‍ വയലന്‍സ് രംഗങ്ങള്‍ കുറവാണെന്നും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമായിരുന്നു നിര്‍മാതാക്കളുടെ വാദം. എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും നിര്‍മ്മാതാക്കള്‍ ചൂണ്ടികാണിക്കുന്നു.
‘യു/എ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കുറച്ചു ഭാഗങ്ങള്‍ വെട്ടിക്കുറയ്‌ക്കണമെന്ന് വാദം കേള്‍ക്കുന്ന സമയത്ത് അവരോട് നിര്‍ദ്ദേശിച്ചിരുന്നു. വെട്ടിക്കുറയ്‌ക്കലുകള്‍ വേണ്ട, പക്ഷേ ‘എ’ സര്‍ട്ടിഫിക്കറ്റ് മതി എന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ അത് നിരാകരിക്കുന്നത് ശരിയല്ലെന്ന് ‘ ജസ്റ്റിസ് ടിവി തമിള്‍സെല്‍വിയുടെ മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍.എല്‍. സുന്ദരേശന്‍ പറഞ്ഞു:
സിനിമ റിലീസ് ചെയ്തതിനാല്‍ അപ്പീല്‍ കേള്‍ക്കുന്നതില്‍ അടിയന്തര സാഹചര്യമില്ലെന്ന് അദ്‌ദേഹം ചൂണ്ടിക്കാട്ടി.
















