അങ്കമാലി : കഴിഞ്ഞ നവംബറിൽ കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ ഗണേഷ് (47) നെയാണ് റൂറൽ ജില്ലയിൽ കാണാതായവരുടെ കേസുകൾ അന്വേഷിക്കുന്ന ഡിസ്ട്രിക്റ്റ് മിസ്സിംഗ് പേഴ്സൺസ് ട്രെയിസിംഗ് യൂണിറ്റ് (DMPTU) കണ്ടെത്തിയത്.
കഴിഞ്ഞ വർഷം നവംബർ മുതലായിരുന്നു ഇയാളെ കാണാതായത്. ഞാൻ പാലക്കാട് ട്രെയിനിലാണെന്നും നെഞ്ചുവേദന വന്ന് ഇപ്പോൾ മരിക്കും എന്നും ഇനി എന്നെ അന്വേഷിച്ച് ആരും വരണ്ട എന്ന് പറഞ്ഞ് ഭാര്യയ്‌ക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച ശേഷം ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു.
തുടർന്ന് ഭാര്യ ഇവരുടെ നാടായ പുതുക്കോട്ട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ ഗണേഷിനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ജൂലൈയിൽ പരാതി നൽകി.
തുടർന്ന് കേസന്വേഷണം നടത്തിയ ഡി എം പി റ്റി യു , ഗണേഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ എം ഇ പരിശോധിച്ച് സെപ്റ്റംബറിൽ പുതിയ സിം എടുത്തതായി കണ്ടെത്തി. പിന്നീട് ഫോൺ മോഷണം പോകുകയും തുടർന്ന് ഒമ്പതു മാസത്തോളമായി ഫോൺ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ തമിഴ്നാട് തിരുവണ്ണാമല അരുണാചലം ക്ഷേത്ര പരിസരത്തുള്ള ഗിരി വലം പാതയിൽ പതിനാല് കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന 45 ആശ്രമങ്ങളിലായി 5000 ത്തോളം വരുന്ന സ്വാമിമാരുടെ ഇടയിൽ നടത്തിയ പരിശോധയിൽ അടി അണ്ണാമലൈ പരിസരത്തു നിന്നുമാണ് കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി ടി.എം.വർഗീസിന്റെ നേതൃത്വത്തിൽ ഡി.എം പി റ്റി യു അംഗങ്ങളായ എ എസ് ഐ ടി.ആർ. മനോജ്, എസ്. സി. പി. ഒ ശരത് എസ് കുമാർ എന്നിവരാണ് അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















