കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷം. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് വിട്ടുനിന്ന് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ വിട്ടു നിന്നതിനെതിരെ ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ രംഗത്തെത്തി. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് ഡി സി സി പ്രസിഡൻറ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു.
ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടുനിന്നത്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിന് പിന്നിൽ ഗ്രൂപ്പ് താത്പര്യമാണെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എ ഗ്രൂപ്പുകാരനായതിനാൽ സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടിയുടെ നടപടി എന്നും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. കോർപ്പറേഷനെതിരായി നടത്തുന്ന യൂത്ത് കോൺഗ്രസ് പരിപാടി മാതൃകാപരമാണ് അതിൽ പങ്കെടുക്കണമെന്ന് ഇന്നു രാവിലെയും ആവശ്യപ്പെട്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. എംഎൽഎ വിട്ടുനിന്നത് ബോധപൂർവ്വം എന്നുകരുതുന്നില്ല. എന്നാൽ ബോധപൂർവ്വം എങ്കിൽ ആ നടപടി തെറ്റാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
എന്നാൽ യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അ റിയിച്ചത്. നിമിഷ പ്രിയ കേസിന്റെ ചർച്ചക്കായി ദുബൈയിൽ പോയി പുലർച്ചെ 3.30നാണ് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഹോട്ടലിൽ രാവിലെ 5 മണിക്കാണ് എത്തിയത്. സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കും എന്നാണ് പറഞ്ഞത്. രമ്യ ഹരിദാസ് ആണ് ഏറ്റത്.
ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയത് പാർട്ടിയിൽ തീർത്തോളാം. എല്ലാം വിവാദമാക്കരുത്. ക്രിസ്റ്റ്യൻ കോളേജിലെ പരിപാടിയും മുക്കത്തെ പരിപാടിയുമാണ് താൻ ഏറ്റത്. വിവാദം അനാവശ്യമാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
















