വിശദവിവരങ്ങള്‍ https://bank.sbi/web/careers-ല്‍
ആഗസ്ത് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
അവസാനവര്‍ഷ/സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം
ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബ്രാഞ്ചുകളിലേക്ക് ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്) തസ്തികയില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ഷണിച്ചു. (പരസ്യ നമ്പര്‍ സിആര്‍പിഡി/സിആര്‍/2025-26/06). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി ആകെ 5583 ഒഴിവുകളുണ്ട്. തിരുവനന്തപുരം എസ്ബിഐ സര്‍ക്കിളിന്റെ പരിധിയിലുള്ള കേരളത്തില്‍ 255 ഒഴിവുകളും ലക്ഷദ്വീപില്‍ 5 ഒഴിവുകളുമാണുള്ളത്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current_openings ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം/തത്തുല്യം. അവസാനവര്‍ഷ/സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം 2025 ഡിസംബര്‍ 31നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. പ്രായപരിധി 1.4.2025 ല്‍ 20 വയസ തികഞ്ഞിരിക്കണം. 28 വയസ് കവിയാനും പാടില്ല. ഒബിസി വിഭാഗത്തിന് 3 വര്‍ഷം, എസ്‌സി/എസ്ടി 5 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 35 വയസുവരെയാകാം. എസ്ബിഐ ട്രെയിന്‍ഡ് അപ്രന്റീസുകള്‍ക്ക് ഒരു വര്‍ഷത്തെ ഇളവ് ലഭിക്കും. പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.
അപേക്ഷാ ഫീസ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനില്‍ ആഗസ്ത് 26 വരെ അപേക്ഷിക്കാം.
സെലക്ഷന്‍: ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷ, ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയുടെ വിവരങ്ങള്‍, സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി/എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24050-64480 രൂപ ശമ്പളനിരക്കില്‍ നിയമനം ലഭിക്കും. രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്റുകളടക്കം 46,000 രൂപ ശമ്പളം ലഭിക്കും.
















