ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്‌ക്ക് നേരെ യുവാവിന്റെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന ചില പേപ്പറുകളുമായി എത്തിയ യുവാവ് മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഈ സംഭവം നടന്നത്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ നേരെ ഇയാള്‍ ഭാരമേറിയ വസ്തു എറിഞ്ഞുവെന്നും വിവരമുണ്ട്. 35 വയസുള്ള ആളാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി, ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്‌ട്രീയ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
ഒരുപ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. രേഖാ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ അപലപിച്ച് മറ്റ് രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തുവന്നു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
















