ന്യൂദല്‍ഹി: മുസ്ലീം വ്യക്തിനിയമപ്രകാരം 15 വയസ്സുകഴിഞ്ഞ ഋതുമതിയായ മുസ്ലീം പെണ്‍കുട്ടിക്ക് മുസ്ലീം പുരുഷനെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. 2022 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി 15 വയസ്സുള്ളപ്പോള്‍ ഋതുമതിയായ ഒരു മുസ്ലീം പെണ്‍കുട്ടിക്ക് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് നിയമപരമായ അവകാശമോ അധികാരമോ ഇല്ലെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ‘പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഒരു ഉത്തരവിനെ ബാലാവകാശ സംരക്ഷണ കമ്മീഷന് എങ്ങനെ എതിര്‍ക്കാന്‍ കഴിയും?’ കോടതി ചോദിച്ചു. കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഈ ഹര്‍ജി ഫയല്‍ ചെയ്തത് വിചിത്രമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പതിനെട്ട് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹം കഴിക്കാന്‍ നിയമപരമായി യോഗ്യതയുള്ളവളായി കണക്കാക്കാമോ എന്ന ചോദ്യം ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.
















