ന്യൂദല്‍ഹി: ദോക്ലാം സംഘര്‍ഷവും പിന്നീടു വര്‍ഷങ്ങള്‍ നീണ്ട പിരിമുറുക്കവും അകലുന്നു; ഭാരത-ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നെന്നു സൂചനകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിനു മേല്‍ നീതിയില്ലാതെ 50 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതോടെ ചൈനയുമായുള്ള ഭാരത ബന്ധം വളരെ വേഗം മെച്ചപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഭാരതത്തിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ഷാങ്ഹായ് ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് വാങ് യീയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം നരേന്ദ്ര മോദി അറിയിച്ചു. ആഗസ്ത് 31നും സപ്തംബര്‍ ഒന്നിനും ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തിലാണ് ഉച്ചകോടി. രണ്ടു ദിവസത്തെ സന്ദര്‍ശന ശേഷം വാങ് യീ ഇന്നലെ മടങ്ങി.
ഉഭയകക്ഷി ബന്ധവും പ്രാദേശിക സുരക്ഷയും മെച്ചപ്പെടുത്തുന്നതുമെല്ലാം ഡോവലുമായി ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലെ സമാധാനം പരിപാലിക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യം ശക്തമാക്കുന്നതുമായിരുന്നു ജയശങ്കറുമായുള്ള ചര്‍ച്ചയില്‍. സാമ്പത്തിക, വാണിജ്യ പ്രശ്നങ്ങള്‍, തീര്‍ത്ഥാടന കാര്യങ്ങള്‍, ജനങ്ങള്‍ തമ്മിലെ ബന്ധം, അതിര്‍ത്തി വാണിജ്യം, നദീജല വിവരങ്ങള്‍ എന്നിവയിലെ ചര്‍ച്ചകള്‍ ഫലവത്തായിരുന്നെന്നു വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണെന്നും ഉഭയകക്ഷി ബന്ധം വീണ്ടും മികച്ച സഹകരണത്തിലേക്കാണെന്നും വാങ് യീയും പറഞ്ഞു.
















