കൊച്ചി: വട്ടിപ്പലിശക്കാരിയുടെ ഭീഷണി മൂലം വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി(42) യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്.
പിന്നാലെ വീടിനു സമീപമുളള പുഴയില്‍ മൃതദേഹം കണ്ടെത്തി.ആശ ബെന്നിയുടെ വീടിന് സമീപം താമസിക്കുന്ന വിരമിച്ച പൊലീസുകാരന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്‌ക്ക് പണം വാങ്ങിയിരുന്നു. അഞ്ച് ലക്ഷം രൂപ വീതം ആകെ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും 30 ലക്ഷത്തിലേറെ പലിശയും മുതലും ചേര്‍ത്ത് തിരിച്ചടച്ചിട്ടും വീണ്ടും പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലേഡ് സംഘത്തിനെതിരെ ഇന്നലെ ആശ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിന് ശേഷവും വട്ടിപ്പലിശക്കാരിയും ഭര്‍ത്താവും രാത്രി ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെയാണ് പരാതി.
















