തൃശൂര്‍ : കാറിടിച്ച് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടതിന് പ്രദേശവാസിയുടെ കാലില്‍ കാര്‍ കയറ്റിയ ക്രമിനല്‍ അറസ്റ്റില്‍. മാള ഗുരുതുപ്പാല സുനില്‍ കുമാറിനെ(41)യാണ് പോലീസ് പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സുനില്‍ കുമാര്‍ ഓടിച്ചിരുന്ന കാര്‍ ഒരു ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇടപെട്ട പ്രദേശവാസിയായ കുഴൂര്‍ സ്വദേശിയായ പുഷ്പന്‌റെ കാലിലാണ് സുനില്‍ കാര്‍ കയറ്റിയത്. തുടര്‍ന്ന് കാര്‍ ഓടിച്ചുപോവുകയായിരുന്നു. ഇയാള്‍ മാള, അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധികളിലായി സ്ത്രീകളെ അപമാനിക്കല്‍, അടിപിടി, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
















