ദുബായ്: ഇറാനിലെ അഫ്ഗാനിസ്ഥാന്‍കാരുടെ സാന്നിധ്യം വലിയ തലവേദനയായതോടെ ഖത്തറിലേക്ക് തൊഴില്‍ത്തേടിയുള്ള അഫ്ഗാനിസ്ഥാനികളുടെ വരവില്‍ ആശങ്ക. അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലമാണ് താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനികളെ ഖത്തറിലേക്ക് പറഞ്ഞയയ്‌ക്കുന്നത്. ഇറാന്‍ ആശങ്കപ്പെടുന്നതുപോലെ ഈ അഫ്ഗാനികള്‍ തീവ്രവാദികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയില്ലേ എന്ന ആശങ്കയാണ് ഗള്‍ഫില്‍ ഉള്ളത്. ഭാവിയില്‍ അത് മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും ഗള്‍ഫ് രാജ്യങ്ങളില്‍ പരക്കേയുണ്ട്.
നുഴഞ്ഞുകയറ്റക്കാരായി എത്തിയ 60 ലക്ഷം അഫ്ഗാനികളും ശല്ല്യമായതോടെ ഇറാന്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ആദ്യഘട്ടത്തിൽ 20 ലക്ഷം അഫ്ഗാനികളെ പുറത്താക്കും. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഇറാന്‍ അതിർത്തി വഴി കടത്തിയത് 5 ലക്ഷത്തിലധികം അഫ്ഗാന് നുഴഞ്ഞുകയറ്റക്കാരെയാണെന്നും ആരോപണമുണ്ട്.
ആദ്യഘട്ടത്തില്‍ 3100 അഫ്ഗാനികളെ ഖത്തറിലേക്ക് പറഞ്ഞയയ്‌ക്കാനാണ് താലിബാന്‍ സര്‍ക്കാരിന്റെ പദ്ധതി. ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിവരികയാണ്. പിന്നീട് കൂടുതല്‍ അഫ്ഗാനികളെ ഖത്തറിലേക്ക് അയയ്‌ക്കാനാണ് പദ്ധതി. എന്തായാലും ഇറാന്റെ തീരുമാനത്തിന്റെ സാഹചര്യത്തില്‍ താലിബാന്‍കാരെക്കുറിച്ച് കൂടുതല്‍ ആശങ്ക ഉയരുന്നു.
















