തിരുവനന്തപുരം : മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ ദാസിന് ആരോഗ്യവകുപ്പിന്റെ മെമ്മോ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് മെമ്മോ നല്‍കിയത്.
സാമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പോസ്റ്റുകള്‍ ഇടരുതെന്നാണ് മെമ്മോയിലെ പ്രധാന നിര്‍ദേശം. വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കണം. സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കില്ലെന്ന് മെമ്മോയ്‌ക്ക് ഡോ. മോഹന്‍ ദാസ് മറുപടി നല്‍കി.
സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പൂര്‍ണ പരാജയമാണെന്നും കെ. സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ കടാവര്‍ ട്രാന്‍സ്പ്ളാന്റ് നടന്നിട്ടില്ലെന്നും ഡോ. മോഹന്‍ദാസ് തുറന്ന് പറഞ്ഞു.മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മുന്‍ മേധാവി ഡോ വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവച്ചാണ് ഡോ. മോഹന്‍ദാസ് കെ. സോട്ടോയ്‌ക്ക് എതിരെ പ്രതികരിച്ചത്. ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ പരാജയമായെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഡോ. മോഹന്‍ ദാസ് വിമര്‍ശിച്ചു.
കെ.സോട്ടോയുടെ സഹായമില്ലാതെ നാലു വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഡോ. മോഹന്‍ദാസ് സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞിരുന്നു.വിവാദമായതോടെ രണ്ടു പോസ്റ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു
















