തിരുവനന്തപുരം: പുതിയ നിലയ്‌ക്കല്‍ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിര്‍മ്മാണം തുടങ്ങാന്‍ ആരോഗ്യ വകുപ്പിന്‌റെ ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും നിര്‍ദേശം നല്‍കി.ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്‌നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം.
കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും.
വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സമയബന്ധിതമായി നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും.
















