കൊച്ചി:കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്തതില്‍ പ്രതി റമീസിന്റെ സുഹൃത്ത് സഹദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.കുറ്റകൃത്യത്തിന് കൂട്ട് നിന്നു എന്നതാണ് ഇയാള്‍ക്കെതിരെ ഉളള കുറ്റം. റമീസിന്റെ മാതാപിതാക്കളെ തിങ്കളാഴ്ച രാവിലെ തമിഴ്‌നാട് സേലത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ റിമാന്‍ഡില്‍ ഉള്ള റമീസിനെ കസ്റ്റഡിയില്‍ കിട്ടുന്ന മുറയ്‌ക്ക് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
കോതമംഗലം കറുകടത്ത് സ്വദേശിനി ടിടിസി വിദ്യാര്‍ത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. റമീസ് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടി കണ്ടെത്തി. ഇതോടെയാണ് തര്‍ക്കമായതെന്ന് പൊലീസ് പറഞ്ഞു.
റമീസ് അനാശാസ്യത്തിന് പോയെന്ന് റമീസിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലിയതോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെണ്‍കുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു.പിന്നീട് റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് ജീവനൊടുക്കിയത്.
















