ന്യൂദല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) എപ്പോള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യം. ബംഗാളിലോ മറ്റു സംസ്ഥാനങ്ങളിലോ എസ്‌ഐആര്‍ എപ്പോള്‍ നടപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തീരുമാനിക്കും. ഇതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ വോട്ടര്‍പട്ടിക ശുദ്ധീകരണം നടന്നിട്ടില്ല. അതിനുള്ള നടപടിക്രമങ്ങളിലാണ്. ഭരണഘടന പ്രകാരം രാജ്യത്തെ പൗരന്മാര്‍ക്കു മാത്രമേ എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിക്കൂ. വിദേശീയര്‍ ആരെങ്കിലും വോട്ടിനായുള്ള എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍ എസ്‌ഐആര്‍ പ്രക്രിയ നടക്കുമ്പോള്‍ അവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടി വരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി അവരുടെ പേരുകളും നീക്കും.
എസ്‌ഐആര്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതെന്തിനാണെന്ന ചോദ്യം ഉയര്‍ത്തി ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പോ അതോ ശേഷമോ ആണ് വോട്ടര്‍പട്ടിക തിരുത്തേണ്ടത്. എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും വോട്ടര്‍പട്ടിക തിരുത്തണമെന്ന് ജനപ്രാതിനിധ്യ നിയമം പറയുന്നു. അല്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷനല്ല ഇക്കാര്യം
പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് കമ്മിഷന്റെ നിയമപരമായ ഉത്തരവാദിത്തമാണ്, അത് നടപ്പിലാക്കുകയാണ്. അപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ബിഹാറിലെ ഏഴ് കോടിയിലധികം വോട്ടര്‍മാരിലേക്ക് എത്തിച്ചേരാന്‍ കഴിയുമോ എന്ന ചോദ്യമാണ് അടുത്തതായി ഉയരുന്നത്. ജൂണ്‍ 24-ന് തന്നെ ബിഹാറില്‍ എസ്‌ഐആര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജൂലായ് 20-ഓടെ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.
















