ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് (പിഎംഒ) അടുത്ത മാസം മുതല്‍ എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറ്റുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പിഎംഒയ്ക്കും മറ്റ് ഉന്നത സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി എക്സിക്യൂട്ടീവ് എന്‍ക്ലേവ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 78 വര്‍ഷത്തിനുശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നത്.
പിഎംഒക്ക് പുറമെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഒരു കോണ്‍ഫറന്‍സിംഗ് സൗകര്യം എന്നിവയടങ്ങുന്നതാണ് എക്സിക്യൂട്ടീവ് എന്‍ക്ലേവ്. പുതിയ പിഎംഒ പ്രധാനമന്ത്രിയുടെ വസതിയോട് കൂടുതല്‍ അടുത്താണ്. പഴയ കെട്ടിടങ്ങളിലെ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥലപരിമിതികളുമാണ് പുതിയ ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മിച്ചതിന് പിന്നില്‍. പ്രധാനമന്ത്രി ഈ മാസം ഉദ്ഘാടനം ചെയ്ത കര്‍ത്തവ്യ ഭവന്-3 ലേക്ക് ആഭ്യന്തര, പേഴ്സണല്‍ മന്ത്രാലയങ്ങളെ മാറ്റിയിരുന്നു.
സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ക്ക് പേര് നല്കുന്ന കേന്ദ്രത്തിന്റെ രീതിക്ക് അനുസൃതമായി പുതിയ പ്രധാനമന്ത്രിയുടെ ഓഫീസിനും പുതിയ പേര് ലഭിച്ചേക്കും.













