വയനാട് : വ്യഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. 26.10 ക്യുമെക്‌സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ജലനിരപ്പുയര്‍ന്നതോടെ തെന്മല കല്ലടഡാമും തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 15സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ഡാം തുറന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കക്കി ഡാം തുറന്നതോടെ പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നു. പമ്പാ സ്‌നാനത്തിനും ഭക്തര്‍ക്ക് നിയന്ത്രണമുണ്ട്.
ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്‌ക്കുള്ള ഓറഞ്ച് ജാഗ്രത നിലനില്‍ക്കുന്നത്. എറണാകുളം,ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയില്ല. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
















